ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകളുമായും പ്രവേശനപരീക്ഷകളുമായും ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് വെബിനാറിലൂടെ മറുപടി നല്‍കും.

#EducationMinisterGoesLive ഹാഷ് ടാഗോടെ മന്ത്രിയുടെ ട്വിറ്റര്‍ (@DrRPNishank), ഫെയ്‌സ്ബുക്ക് (@cmnishank) അക്കൗണ്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സംശയങ്ങള്‍ ഉന്നയിക്കാം. അടച്ചിടല്‍ പ്രഖ്യാപിച്ചതിനു ശേഷം രണ്ടാംതവണയാണ് മന്ത്രി വെബിനാര്‍ നടത്തുന്നത്. നേരത്തേ നടന്ന വെബിനാറില്‍ മാതാപിതാക്കളുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി പറഞ്ഞത്. 

പരീക്ഷകള്‍ സംബന്ധിച്ച വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് വെബിനാറിലൂടെ മറുപടി പറയുമെന്ന് തിങ്കളാഴ്ചയാണ് മന്ത്രി ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഒട്ടേറെ വിദ്യാര്‍ഥികളാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. ഇതുവരെ ലഭിച്ച ചോദ്യങ്ങളില്‍ നീറ്റ്, ജെ.ഇ.ഇ. മെയിന്‍ എന്നീ പ്രവേശനപരീക്ഷകള്‍, പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ എന്നിവയെക്കുറിച്ചുള്ളതാണ് കൂടുതലും.

Content Highlights: HRD Minister Webinar sessions for students, Lockdown, Covid-19, Corona Outbreak