ന്യൂഡല്‍ഹി: കോവിഡ് കാലത്തിനുശേഷമുള്ള ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് കേന്ദ്ര മാനവവിഭവശേഷി വകുപ്പുമന്ത്രി മന്ത്രി രമേഷ് പൊഖ്രിയാല്‍ വൈസ്ചാന്‍സലര്‍മാരുമായി തിങ്കളാഴ്ച സംവദിക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് സംഘടിപ്പിക്കുന്ന സംവാദം വൈകീട്ട് നാല് മണിമുതല്‍ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കാണാനാകും.

ഇതിനുപുറമെ, മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ വെബിനാര്‍ വഴി അഭിസംബോധന ചെയ്ത ശേഷം എച്ച്ആര്‍ഡി മന്ത്രി അധ്യാപകര്‍ക്കായി മെയ് 14 ന് ഉച്ചയ്ക്ക് 12 മണിക്ക് വെബിനാര്‍ നടത്തും. എച്ച്ആര്‍ഡി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇവന്റ് ലഭ്യമാകും.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) അടുത്തിടെ പുതുക്കിയ അക്കാദമിക് കലണ്ടറും സര്‍വകലാശാലകളുടെയും കോളേജുകളുടെയും ഭാവി പ്രവര്‍ത്തനത്തിനും പരീക്ഷകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയുടെ വെബിനാര്‍ നടക്കുന്നത്.

സാഹചര്യം പരിഗണിച്ച് സര്‍വകലാശാലകള്‍ ജൂലായില്‍ ഓണ്‍ലൈനിലോ ഓഫ്ലൈനിലോ സെമസ്റ്റര്‍ പരീക്ഷ നടത്തുകയും പരീക്ഷാസമയം മൂന്ന് മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായി കുറയ്ക്കുകയും ചെയ്യാമെന്ന് കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

Content Highlights: HRD Minister to Interact With Vice Chancellors on Monday