ന്യൂഡല്‍ഹി: മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വ്യാഴാഴ്ച 3 മണിക്ക് സംവദിക്കും.

നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) സംഘടിപ്പിക്കുന്ന ലൈവ് വെബിനാര്‍ വഴിയാകും 45,000-ത്തോളം സ്ഥാപനങ്ങളെ മന്ത്രി സംബോധന ചെയ്യുക.

കൊറോണ വൈറസ് വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയും ഇത് മറികടക്കുന്നതിനായുള്ള മാര്‍ഗങ്ങളും വെബിനാറില്‍ ചര്‍ച്ചയാകും. മാര്‍ച്ച് പകുതിക്ക് ശേഷം ഏതാണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. 

സര്‍വകലാശാലകള്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനോടകം യുജിസി നല്‍കിയിട്ടുണ്ട്. പുതിയ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബറിലും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കായി ഓഗസ്റ്റിലും അധ്യയനം ആരംഭിക്കാമെന്ന് യുജിസി അറിയിച്ചിരുന്നു. 

Content Highlights: HRD minister to address higher education institutes on Thursday May 28