ന്യൂഡല്‍ഹി: ആറു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള അപ്പര്‍ പ്രൈമറിക്കാര്‍ക്കായി എന്‍.സി.ഇ.ആര്‍.ടി ബദല്‍ അധ്യയന കലണ്ടര്‍ തയ്യാറാക്കി. നേരത്തെ പുറത്തിറക്കിയ നാലാഴ്ചത്തെ കലണ്ടറിന്റെ തുടര്‍ച്ചയായുള്ളതാണ് എട്ടാഴ്ചത്തെ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കലണ്ടര്‍.

എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ കലണ്ടര്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാലാണ് പുറത്തിറക്കിയത്. കോവിഡ് കാലത്തെ വിദ്യാഭ്യാസത്തില്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണ് കലണ്ടര്‍. സാങ്കേതികവിദ്യയും സമൂഹ മാധ്യമങ്ങളും വിദ്യാഭ്യാസത്തിന് എങ്ങനെ ഉപയോഗിക്കാമെന്നും ഇതില്‍ വിശദീകരിക്കുന്നുണ്ട്.

പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കലണ്ടറും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ അക്കാദമിക് കലണ്ടറുകള്‍ https://ncert.nic.in/alternative-academic-calendar.php എന്ന ലിങ്കില്‍ ലഭ്യമാണ്.

Content Highlights: HRD Minister Releases Alternative School Calendar For Classes 6 To 8