ന്യൂഡല്‍ഹി: വിദേശത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ മുടങ്ങിയ പരീക്ഷകള്‍ നടത്തുന്നതിനെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരുമായും വിദ്യാഭ്യാസ മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. കൊറോണ വൈറസ് രോഗബാധയെത്തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ 12-ാം ക്ലാസ്സ് പരീക്ഷകള്‍ നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനാണ് ചര്‍ച്ച. 

നേരത്തെ വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് പരീക്ഷകള്‍ നടത്തില്ലെന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ തുടര്‍പഠനത്തെ സംബന്ധിച്ച്  ആശങ്ക പ്രകടിപ്പിച്ച് നിരവധി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഇതോടെയാണ് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളോട് പരീക്ഷ നടത്തിപ്പിനുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ആരാഞ്ഞത്. 

നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്താനാകാത്ത രാജ്യങ്ങള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള നടപടികളും മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. ഓരോ രാജ്യത്തേയും സ്ഥിതി വ്യത്യസ്തമായതിനാല്‍ പൊതുവായ ഒരു തീരുമാനമെടുക്കാന്‍ പ്രയാസമാണ്. അതിനാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സ്ഥലങ്ങളില്‍ പരീക്ഷകള്‍ നടത്താമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അത്തരമിടങ്ങളില്‍ പരീക്ഷ, മൂല്യനിര്‍ണയം എന്നിവ എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം അറിയിച്ചു. 25 രാജ്യങ്ങളിലായി 210 ഓളം സി.ബി.എസ്.ഇ സ്‌കൂളുകളാണ് ലോകത്താകമാനമുള്ളത്. 

Content Highlights: HRD Assessing Situation In Countries With CBSE Schools To Decide On Pending Board Exams, Covid-19, Corona Outbreak