തേഞ്ഞിപ്പലം: മുടങ്ങിയ പരീക്ഷകൾ എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് സർവകലാശാലകൾ സർക്കാരിന്റെ പൊതുതീരുമാനം കാത്തിരിക്കുന്നു. മുൻ സെമസ്റ്ററുകളിലെ ശരാശരി മാർക്കുനൽകലും ഓൺലൈൻ സഹായത്തോടെയുള്ള പരീക്ഷാനടത്തിപ്പും സർവകലാശാലാസമിതികൾ ആലോചിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രായോഗിക-നിയമ തടസ്സങ്ങൾ മറികടക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പുതന്നെ ഇടപെടേണ്ടിവരുമെന്നാണ് സർവകലാശാലാ അധികൃതർ പറയുന്നത്.

ഗവർണറുടെ നിർദേശപ്രകാരം ഏപ്രിൽ 19 മുതൽ സർവകലാശാലകൾ നിശ്ചയിച്ചിരുന്ന ബിരുദ-പി.ജി. പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതും ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതുംകാരണം പൊതുപരീക്ഷാനടത്തിപ്പ് പ്രയാസത്തിലാണ്. കഴിഞ്ഞ അധ്യയനവർഷത്തെ അടച്ചിടൽകാലത്ത് താളംതെറ്റിയ പരീക്ഷകൾ ഒരുവിധം ക്രമീകരിച്ചുകൊണ്ടുവരുന്നതിനിടെയാണ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത്. കാലിക്കറ്റ്, എം.ജി, കേരള, കണ്ണൂർ സർവകലാശാലകളെല്ലാം വിദ്യാർഥികളുടെ അക്കാദമിക് വർഷം നഷ്ടപ്പെടുന്നതൊഴിവാക്കാൻ പരീക്ഷകൾ പ്രഖ്യാപിച്ചിരുന്നതാണ്.

ക്ലാസുകൾ ഓൺലൈനായി നടത്താമെങ്കിലും പരീക്ഷകളുടെ കാര്യത്തിൽ എല്ലായിടത്തും ഇതു പ്രായോഗികമല്ല. പ്രാക്ടിക്കൽ വേണ്ട സയൻസ് വിഷയങ്ങൾക്കും ബി.വോക് പോലുള്ള കോഴ്സുകൾക്കും ഓൺലൈൻ പരീക്ഷ മതിയാകില്ല. മാത്രമല്ല അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ വിദ്യാർഥികളും ഓൺലൈനായി പരീക്ഷയ്ക്കിരിക്കുകയാണെങ്കിൽ സാങ്കേതികമായി ഇതു നിരീക്ഷിക്കാനുള്ള സൗകര്യവും സർവകലാശാല ഏർപ്പെടുത്തേണ്ടിവരും. വിദൂര-പ്രൈവറ്റ് സംവിധാനംവഴി പഠനം നടത്തുന്നവരുടെ പരീക്ഷക്കാര്യത്തിലും തീരുമാനംവേണം. കാലിക്കറ്റിലെ പഠനവകുപ്പുകളിൽ ഓൺലൈൻ പരീക്ഷ നടത്തുന്ന കാര്യം സിൻഡിക്കേറ്റ് പരിഗണിച്ചിട്ടുണ്ട്.

Content Highlights: How to conduct the exam: Universities await the state's decision