ഐ.സി.എ.ആർ-യു.ജി. അഗ്രിക്കൾച്ചർ പ്രവേശനപരീക്ഷ അപേക്ഷയിൽ പത്താം ക്ലാസിലെ സി.ജി.പി.എ. ചോദിക്കുന്നു. ഹയർ സെക്കൻഡറി പ്രവേശനത്തിനു കണക്കാക്കുന്ന രീതിയിൽ ഗ്രേഡ് പോയന്റ് ആക്കി കണക്കാക്കി കൊടുത്താൽ മതിയോ? റാങ്കിങ്ങിന് ഇത് പരിഗണിക്കുമോ? - ശ്രുതി, കോഴിക്കോട്

റ്റൊരു പരിവർത്തന വ്യവസ്ഥ ഇല്ലാത്ത സാഹചര്യത്തിൽ താങ്കൾ പറഞ്ഞ രീതിവെച്ചുള്ള ശരാശരി മൂല്യം കണക്കാക്കി നൽകുന്നതായിരിക്കും ഉചിതം. കേരളത്തിലെ സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി.) അനുസരിച്ച് അക്ഷര ഗ്രേഡുകൾ വഴിയാണ് ഓരോ വിഷയത്തിന്റെയും ഫലം നൽകുന്നത്. ഒരു വിഷയത്തിന് എപ്ലസ് ലഭിക്കുന്ന കുട്ടിക്ക് ആ വിഷയത്തിലെ മാർക്ക് 90 ശതമാനത്തിനും 100 ശതമാനത്തിനും ഇടയ്ക്കായിരിക്കും.

ഈ വിവരമാണ് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. കൃത്യമായ മാർക്ക് അറിയാൻ കഴിയില്ല. ഹയർ സെക്കൻഡറി വകുപ്പ് പ്ലസ്ടു പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത് അക്ഷര ഗ്രേഡിനെ ഗ്രേഡ് പോയന്റ് ആക്കി മാറ്റിയശേഷമാണ്. എ പ്ലസ്- 9, എ- 8, ബി പ്ലസ്- 7, ബി- 6, സി പ്ലസ്- 5, സി- 4, ഡി പ്ലസ്- 3 എന്നിങ്ങനെയാണ് ഗ്രേഡ് പോയന്റ് നിർവചിച്ചിരിക്കുന്നത്. ഈ പരിവർത്തന വ്യവസ്ഥ പ്രകാരം ഓരോ വിഷയത്തിന്റെയും ഗ്രേഡിനനുസരിച്ചുള്ള ഗ്രേഡ് പോയന്റ് കണ്ടുപിടിച്ച് അവയുടെ ശരാശരി മൂല്യം സി.ജി.പി.എ. ആയി നൽകുക.

ഐ.സി.എ.ആർ- യു.ജി. പ്രവേശന പരീക്ഷയിൽ ടൈ ഒഴിവാക്കാൻ നാലാംഘട്ടത്തിൽ 10-ാം ക്ലാസിലെ സി.ജി.പി.എ. ആയിരിക്കും പരിഗണിക്കുക. ടൈ വന്നാൽ ആദ്യം പ്രവേശനപരീക്ഷയിലെ മുഖ്യ വിഷയത്തിന്റെ മാർക്ക്- പി.സി.എമ്മിന് മാത്തമാറ്റിക്സ്, പി.സി.ബി.ക്ക് ബയോളജി, പി.സി.എ/എ.ബി.സി.ക്ക് അഗ്രിക്കൾച്ചർ- പരിഗണിക്കും. രണ്ടാംഘട്ടത്തിൽ കുറവ് നെഗറ്റീവ് മാർക്ക് ഉള്ള ആളിനും മൂന്നാംഘട്ടത്തിൽ പ്രായം കൂടിയ ആളിനും മുൻഗണന കിട്ടും. ഇതു കഴിഞ്ഞും ടൈ തുടർന്നാൽ 10-ാം ക്ലാസ് പരീക്ഷയിൽ ലഭിച്ച മൊത്തം മാർക്ക് ശതമാനം/സി.ജി.പി.എ. പരിഗണിച്ച് ടൈ ഒഴിവാക്കുമെന്നാണ് പ്രോസ്പക്ടസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Content Highlights: How to calculate CGPA for ICAR Entrance Exam, Ask Expert