പ്ലസ് വണ്‍ ഏകജാലക പ്രവേശനം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുകയാണ്. കോവിഡ് രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് ഇത്തവണ പ്രവേശന നടപടികള്‍. http://www.admission.dge.kerala.gov.in/- എന്ന വെബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകാനിടയുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍, അപേക്ഷാ ഫോം പൂരിപ്പിക്കല്‍, ഓപ്ഷന്‍ നല്‍കല്‍ തുടങ്ങി എല്ലാ വിവരങ്ങളും വീഡിയോയിലുണ്ട്. 

സെപ്റ്റംബര്‍ മൂന്ന് വരെയാണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം. പ്രവേശന നടപടികളെല്ലാം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഏഴിന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 13-നാകും ആദ്യ അലോട്ട്‌മെന്റ്. തുടര്‍ന്ന് സെപ്റ്റംബര്‍ 29 വരെ അലോട്ട്‌മെന്റുകളുണ്ടാകും. 

ഏകജാലകം ഈ വര്‍ഷത്തെ മാറ്റങ്ങള്‍

* പരമാവധി ബോണസ് പോയിന്റ് 10

* നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്നത് വേണം. അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റും പരിഗണിക്കും. മറ്റൊന്നും പരിഗണിക്കില്ല

* സി.ബി.എസ്.ഇ. ബേസിക് മാത്തമാറ്റിക്‌സ് പഠിച്ച കുട്ടിക്ക് മാത്തമാറ്റിക്‌സ് ഉള്ള സയന്‍സ് കോമ്പിനേഷനില്‍ അപേക്ഷിക്കാനാകില്ല.

* മറ്റ് രാജ്യങ്ങളില്‍നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ വരുന്നവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കണം.

Content Highlights: How to apply for Plus one admission, single window