കൊച്ചി: ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ മേയ് അഞ്ചിന് ആരംഭിക്കുന്നു. അഞ്ഞൂറോളം പേരാണ് ഒരു ക്യാമ്പിലുണ്ടാവുക. അതി തീവ്രമായ കോവിഡ് വ്യാപനം കുറയുന്നതുവരെ മൂല്യനിര്‍ണയ ക്യാമ്പ് ഒഴിവാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്യാമ്പ് മാറ്റിവെക്കില്ലെങ്കില്‍ മൂല്യ നിര്‍ണയത്തിന് കൂടുതല്‍ സബ് സെന്ററുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും കൂടുതല്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാണ് ആവശ്യം. ദൂരയാത്ര ചെയ്തു വേണം അധ്യാപകര്‍ക്ക് മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തിച്ചേരാന്‍. ഇടുക്കി, വയനാട് പോലെയുള്ള ജില്ലകളില്‍ ഇത് വളരെയധികവുമാെണന്ന് സംഘടന പറയുന്നു.

ഓരോ വിഷയത്തിനും ഓരോ സ്‌കൂള്‍ അനുവദിച്ചാല്‍ സാമൂഹിക അകലം പാലിക്കാനും സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനും സാധിക്കും. ഒരു മുറിയില്‍ പരമാവധി പത്ത് അധ്യാപകരെ മാത്രം ക്രമീകരിക്കുന്നതിനുള്ള നിര്‍ദേശം ക്യാമ്പുകള്‍ക്ക് നല്‍കണം. ഒരു ക്യാമ്പില്‍ 100 അധ്യാപകരില്‍ കൂടുതല്‍ ഉണ്ടാവരുത്. മൂല്യനിര്‍ണയം നടത്താനുള്ള പേപ്പറുകള്‍ അണുനശീകരണം വരുത്തി മാത്രം നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

മൂല്യനിര്‍ണയം നടക്കുന്ന ചില ക്യാമ്പുകളില്‍ നഗരസഭ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവയുടെ മറ്റു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തരമായി അവ ഒഴിവാക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്യാമ്പില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാക്കണം. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡബിള്‍ വാലുവേഷന്‍ ഈ വര്‍ഷം ഒഴിവാക്കണമെന്ന്് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ് അറിയിച്ചു . കേന്ദ്രീകൃത മൂല്യനിര്‍ണയം ഒഴിവാക്കിക്കൊണ്ട് കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ചെയ്യുന്നതുപോലെ ഹോം വാലുവേഷന്‍ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നു.

Content Highlights: Higher secondary valuation camp 2021