കോട്ടയം: ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ 28-ന് തുടങ്ങാനിരിക്കെ കോവിഡ് മാനദണ്ഡം എങ്ങനെ പാലിക്കുമെന്നതിൽ സംശയം. ദിവസം മൂന്ന്-നാല് ബാച്ചുകൾക്ക് വരെയാണ് പ്രാക്ടിക്കൽ. 15 കുട്ടികൾ വീതമുള്ളതാണ് ഓരോ ബാച്ചും. ആറ് വിഷയങ്ങൾക്കാണ് പ്രാക്ടിക്കലുള്ളത്.

പ്രാക്ടിക്കൽ ഉപകരണങ്ങൾ ഇടവേളകളിൽ സാനിറ്റൈസ് ചെയ്യുക എളുപ്പമല്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ സാനിറ്റൈസർ ഉപയോഗിച്ച് എങ്ങനെയാണ് ശുചിയാക്കുന്നതെന്ന സംശയവുമുണ്ട്.

ദിവസം 15 പേരെമാത്രം പങ്കെടുപ്പിച്ച് പ്രാക്ടിക്കൽ നടത്തിയാൽ പരീക്ഷ നീണ്ടുപോകുമെന്ന ആശങ്കയുമുണ്ട്. പക്ഷേ ദിവസം 15 പേരുള്ള ഒരു ബാച്ചിന് മാത്രമാണ് പരീക്ഷയെങ്കിൽ അതത് ദിവസം ജീവനക്കാർക്ക് ഉപകരണം സാനിറ്റൈസ് ചെയ്ത് വെക്കാമെന്ന സൗകര്യമുണ്ട്. ക്വാറന്റീനിലുള്ള കുട്ടികളെയും പോസിറ്റീവായ കുട്ടികളെയും പ്രാക്ടിക്കൽ ചെയ്യിക്കുന്നതിലും സമാനമായ ആശങ്കയുണ്ട്. ഇവർക്ക് പ്രത്യേക ഇടം ഒരുക്കേണ്ടിവരും. പലയിടത്തും അത്ര വലിയ ലാബുകളല്ല ഉള്ളത്. ഇതിന് എങ്ങനെ സൗകര്യം കണ്ടെത്തുമെന്നത് പ്രശ്നമാണ്.

എഴുത്തുപരീക്ഷയിൽ പാലിക്കുന്ന കോവിഡ് മാനദണ്ഡം പ്രാക്ടിക്കൽ പരീക്ഷയിലും നടപ്പാക്കണമെന്ന് അധ്യാപകർ ആവശ്യപ്പെടുന്നുണ്ട്. എഴുത്തുപരീക്ഷ നടക്കുമ്പോൾ കുട്ടികൾ ഹാജർഷീറ്റിൽ ഒപ്പിടുന്നതിന് പകരം അധ്യാപകൻ ഹാജർ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. പേപ്പറിൽ പലരുടെ സ്പർശം ഒഴിവാക്കാനാണിത്. അതേ പോലെ മുഖപ്പേജിൽ കുട്ടി പൂരിപ്പിച്ചശേഷം അധ്യാപകൻ ഒപ്പിടുന്നതും ഒഴിവാക്കി. അവസാന ഉത്തരവും എഴുതിക്കഴിഞ്ഞ് സീൽ പതിപ്പിക്കുന്നതിന് പകരം കുട്ടി തന്നെ ക്യാൻസൽ എഴുതി പേപ്പർ അവസാനിപ്പിക്കുന്ന രീതിയാണുള്ളത്. ഇത്രയും സുരക്ഷാ കാര്യങ്ങൾ എഴുത്തുപരീക്ഷയിൽ ഉള്ളപ്പോൾ പ്രാക്ടിക്കലിലും അവ വേണ്ടേ എന്നാണ് ചോദ്യം.

പരിശോധിക്കും

കോവിഡ് സുരക്ഷ ഉറപ്പാക്കിയാണ് എല്ലാ പരീക്ഷകളും നടത്തുന്നത്. പ്രാക്ടിക്കൽ പരീക്ഷയിലും അതുണ്ടാവുമെന്നാണ് ചുമതലക്കാർ അറിയിച്ചത്. പ്രാക്ടിക്കൽ പരീക്ഷയിൽ ചെറിയ ബാച്ചുകളാണ് വരുന്നത്. ലാബിൽത്തന്നെ പല ഇടങ്ങളിലായി അവർക്ക് ചെയ്യാൻ കഴിയും. എന്നാലും ഏതെങ്കിലും തരത്തിൽ സുരക്ഷാപ്രശ്നം ഉണ്ടോ എന്നത് പരിശോധിക്കും.

-ജീവൻബാബു, ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ്

Content Highlights: Higher secondary practical exams amid covid-19, students and teachers under pressure