തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ നടത്തുന്നതുസംബന്ധിച്ച് പുതുക്കിയ പരീക്ഷാ മാന്വലില്‍ നിര്‍ദേശമില്ല. ക്ലാസ് പരീക്ഷകള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്കും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യാപകസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകാരമായി.

വിശദമായ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മുറയ്ക്കാകും മാന്വല്‍ പരിഷ്‌കരണം നടപ്പാക്കുക. പുനര്‍മൂല്യനിര്‍ണയം രണ്ട് അധ്യാപകരെങ്കിലും നടത്തണമെന്ന നിര്‍ദേശവും മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കില്‍ കാര്യമായ മാറ്റമുണ്ടെങ്കില്‍ മൂന്നാമതൊരാള്‍കൂടി മൂല്യനിര്‍ണയം നടത്തും.

മൂല്യനിര്‍ണയത്തിന് കൂടുതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തെ പ്രതിപക്ഷസംഘടനകള്‍ എതിര്‍ത്തിട്ടുണ്ട്. 51 വിഷയങ്ങള്‍ക്ക് 13 പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തണമെന്നത് 20 ആയി ഉയര്‍ത്തണമെന്നും ബയോളജിയുടേത് 20ല്‍നിന്ന് 30 ആയി ഉയര്‍ത്തണമെന്നുമാണ് മാന്വലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. മൂല്യനിര്‍ണയത്തില്‍ ചെറിയ മാര്‍ക്ക് വ്യത്യാസത്തിനും അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കരുതെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയുടെ ലയനം സംബന്ധിച്ച ആശങ്കയകറ്റാന്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മേഖലകളില്‍ പ്രത്യേക സെമിനാറുകള്‍ നടത്തും. നേരത്തേ ഡയറക്ടറേറ്റുകളുടേതടക്കം മുകള്‍ത്തട്ടിലുള്ള ലയനമാണ് ആദ്യഘട്ടത്തില്‍ നടന്നത്.

എയ്ഡഡ് സ്‌കൂള്‍ നിയമനം, സ്റ്റാഫ് ഫിക്‌സേഷന്‍ എന്നിവയ്ക്കായി വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. സ്റ്റാഫ് ഫിക്‌സേഷനുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജില്ലകളില്‍ അദാലത്ത് നടത്താനും തീരുമാനിച്ചു.

പ്രതിപക്ഷസംഘടനകള്‍ ബഹിഷ്‌കരിച്ചു

പൊതുവിദ്യാഭ്യാസ മേഖലയുടെ ലയനം ചര്‍ച്ചചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച യോഗം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിച്ചു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗം പ്രസിദ്ധീകരിക്കാതെ ചര്‍ച്ച നടത്തിയതിലും അംഗീകൃത അധ്യാപക സംഘടനകളെ മുഴുവന്‍ ചര്‍ച്ചയ്ക്കു വിളിക്കാത്തതിലും പ്രതിഷേധിച്ചാണിതെന്ന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനു മുന്നോടിയായി കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീനും കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിലും അറിയിച്ചു.

ആര്‍. അരുണ്‍കുമാര്‍, എസ്. മനോജ് (എ.എച്ച്.എസ്.ടി.എ.), കെ.ടി. അബ്ദുള്‍ ലത്തീഫ് (കെ.എച്ച്.എസ്.ടി.യു.), അനില്‍ എം. ജോര്‍ജ്, എം. സന്തോഷ് കുമാര്‍ (എച്ച്.എസ്.എസ്.ടി.എ.), കെ. സിജു, കെ. ശ്രീജേഷ് കുമാര്‍ (കെ.എ.എച്ച്.എസ്.ടി.എ.), എ.വി. ഇന്ദുലാല്‍, ഷാജു ഫിലിപ്പ് (കെ.എ.ടി.എ.), ഡി.ആര്‍. ജോസ് (കെ.പി.ടി.എഫ്.), റഷീദ് മദനി (കെ.എ.ടി.എഫ്.), രാധിക (ഡി.എസ്.ടി.എ.), എം.ആര്‍. സുനില്‍കുമാര്‍ (കെ.പി.എസ്.എച്ച്.എ.) തുടങ്ങിയവരും പ്രതിഷേധിച്ചു.

മൂല്യനിര്‍ണയത്തില്‍ ചെറിയ മാര്‍ക്ക് വ്യത്യാസത്തിനും അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കരുതെന്ന് സംഘടനകള്‍

Content Highlights: Higher Secondary Half Yearly Examination