ചങ്ങനാശ്ശേരി: ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയം സംബന്ധിച്ച മാർഗനിർദേശങ്ങളില്ലാത്തതിനാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് അധ്യാപകർ. ഇത്തവണ രണ്ടാം വർഷ വിദ്യാർഥികളുടെ അവസാനപരീക്ഷ കഴിയുന്നതിന് മുമ്പ് തന്നെ ഒന്നാം വർഷത്തെ പഠനപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തി മാർക്ക് നൽകുകയാണ് ചെയ്തത്. നിരന്തരമൂല്യനിർണയത്തിലൂടെ എന്താണോ ലക്ഷ്യമിടുന്നത് അതിന് സാധ്യമാവില്ലെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്.

ഹാജർ, ക്ലാസുകളിൽ ഓരോ വിഷയത്തിനും അധ്യാപകർ നൽകുന്ന പ്രോജക്ടുകൾ, സെമിനാർ അവതരണം, അസൈൻമെന്റുകൾ കൃത്യസമയത്ത് ചെയ്യൽ ,ക്ലാസുകളിലെ അധ്യാപകരുമായുള്ള ആശയവിനിമയം എന്നിവ മാനദണ്ഡമാക്കിയാണ് നിരന്തര മൂല്യനിർണയത്തിന് മാർക്ക് അനുവദിക്കുന്നത്. ഓരോ വിഷയത്തിനും 20 മാർക്കാണ് ഇങ്ങനെ ലഭിക്കുന്നത്. സെമിനാറുകളോ, പ്രോജക്ടുകളോ ഒന്നും നടത്താനാവാതെയാണ് ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികൾക്ക് മാർക്ക് നൽകിയത്.

ഇപ്പോൾ ഹയർസെക്കൻഡറി രണ്ടാംവർഷത്തിലേക്ക് കടന്നിരിക്കുന്ന കുട്ടികളെ അധ്യാപകർ നേരിൽ കണ്ടിട്ടോ ഇവരുമായി നേരിട്ട് സംവദിച്ചിട്ടോ ഇല്ല. ഇവരുടെ പാഠ്യേതര പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടുമില്ല. ക്ലാസിലെ ഹാജർപോലും യഥാവിധി രേഖപ്പെടുത്താനാവാത്ത അവസ്ഥയാണ്.

ഫലം നിശ്ചയിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം

കോവിഡ് പ്രതിസന്ധിയിൽ നിരന്തരവും സമഗ്രവുമായ മൂല്യനിർണയം സത്യസന്ധമായി നടത്താൻ കഴിയാത്ത അവസ്ഥയാണ് കഴിഞ്ഞ അധ്യയന വർഷം ഉണ്ടായത്. വർഷാന്ത്യത്തിലെ സ്കോർമാത്രം കണക്കാക്കി ഫലം നിശ്ചയിക്കുന്നതായിരിക്കും ഉചിതം.

-ടി.എസ്.സലിം

(റിട്ട. പ്രിൻസിപ്പൽ, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം, പാഠ്യപദ്ധതി പരിഷ്കരണസമിതി മുൻ അംഗം)

Content Highlights: Higher Secondary exam: no criteria for continuous evaluation