തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകളില്‍ സെമസ്റ്റര്‍ അവസാനം നടത്തുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉപേക്ഷിക്കണമെന്നും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കു പകരം ഉത്തരക്കടലാസുകള്‍ വീട്ടിലിരുന്ന് മൂല്യനിര്‍ണയം നടത്തണമെന്നും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ. കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കോവിഡനന്തര ഉന്നത വിദ്യാഭ്യാസ നയരേഖയിലാണ് ഈ ശുപാര്‍ശകളുള്ളത്.

സിലബസുകള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാലകള്‍ നടപടിയെടുക്കണം. പൂര്‍ത്തീകരിച്ചിട്ടില്ലാത്ത തിയറി പരീക്ഷകള്‍ ഉടന്‍ നടത്തണം. എല്ലാ സര്‍വകലാശാലകളും സ്വന്തമായി ഡിജിറ്റല്‍ ചോദ്യാവലി തയ്യാറാക്കി അഫിലിയേറ്റഡ് കോളേജുകള്‍ക്ക് നല്‍കണം. ഫാള്‍സ് നമ്പര്‍ സമ്പ്രദായത്തിന് പകരം ബാര്‍കോഡ് ഉത്തരക്കടലാസുകള്‍ ഏര്‍പ്പെടുത്തണമെന്നും പ്രൊഫ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായ സമതി ശുപാര്‍ശ ചെയ്തു.

അര്‍ഹരായ കുട്ടികള്‍ക്ക് ലാപ്ടോപ്പോ ടാബ്ലെറ്റോ സ്മാര്‍ട്ട്ഫോണോ ലഭ്യമാക്കണം. പ്രതിഫലമില്ലാതെ ഇന്റര്‍നെറ്റും മറ്റ് ഉപകരണങ്ങളും എത്തിക്കണം. ഓണ്‍ലൈന്‍ അധ്യാപന രംഗത്ത് അധ്യാപകരെ പ്രൊഫഷണലുകളാക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്താന്‍ പരിശീലനം നല്‍കണം. ഓണ്‍ലൈന്‍ അധ്യയനം ഏര്‍പ്പെടുത്തുന്നതു വഴി ക്ഷയിക്കാനിടയുള്ള സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം സംരക്ഷിക്കാന്‍ നടപടികളുണ്ടാകണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Content Highlights: Higher education council recommends to cancel practical exams in pg and ug courses, Online class