തൃശ്ശൂർ: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോഴ്സുകളുടെ പ്രാക്ടിക്കൽ, തിയറി പരീക്ഷകൾ പുനരാരംഭിക്കുന്നു. പരീക്ഷയെഴുതാനെത്തുന്ന എല്ലാ വിദ്യാർഥികളൾക്കും ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനമുണ്ടാകൂ എന്നും സർവകലാശാല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, രോഗലക്ഷണമുള്ളവരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ആർ.ടി.പി.സി.ആർ. ചെയ്യേണ്ടിവരും.

ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ അവിടെയെത്തുന്നതിനു മുമ്പേ ആന്റിജൻ ടെസ്റ്റ് നടത്തിയിരിക്കണം. കോവിഡ് ബാധിതരായിരുന്ന വിദ്യാർഥികൾക്ക് രോഗം ബാധിച്ച് 17 ദിവസം പൂർത്തിയായിട്ടുണ്ടെങ്കിൽ പരീക്ഷയ്ക്കെത്താം. ഇതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതില്ല. പരീക്ഷയ്ക്കിടയിൽ ലക്ഷണങ്ങളുണ്ടായാൽ ആർ.ടി.പി.സി.ആർ. ചെയ്യേണ്ടി വരും.

ലോക്ഡൗൺ സാഹചര്യത്തിൽ നേരത്തേ എം.ബി.ബി.എസ്. പരീക്ഷകൾ മാത്രം നടത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മറ്റ് കോഴ്സുകളിലെ പരീക്ഷകൾകൂടി ആരംഭിക്കാൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ ഡോ. കെ. മോഹനൻ അറിയിച്ചു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുക എന്ന ഉദ്ദേശ്യവും ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. വിശദമായ പരീക്ഷാ വിവരങ്ങൾക്ക് www.kuhs.ac.in സന്ദർശിക്കുക.

Content Highlights: Health university exam, students should produce covid negative certificate