ന്യൂഡല്‍ഹി: കോവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. രോഗലക്ഷണമുള്ള വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒറ്റയ്ക്കു മാറിയിരുന്ന് പരീക്ഷയെഴുതാന്‍ നേരത്തേ നല്‍കിയിരുന്ന അനുമതി എടുത്തുമാറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശം ഇറക്കിയിരിക്കുന്നത്.

രോഗലക്ഷണമുള്ള വിദ്യാര്‍ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും മറ്റ് മാര്‍ഗങ്ങളിലൂടെ പരീക്ഷ നടത്താന്‍ അവസരം നല്‍കുകയും വേണം. അല്ലെങ്കില്‍ വിദ്യാര്‍ഥി പൂര്‍ണ ആരോഗ്യത്തിലെത്തുമ്പോള്‍ വീണ്ടും അവസരം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

സര്‍ക്കാര്‍ പുറത്തുവിടുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍മാത്രമേ പരീക്ഷകള്‍ നടത്താവൂ എന്നും രേഖയില്‍ പറയുന്നു. പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നവര്‍ മുഖാവരണം, സാനി?െറ്റെസര്‍ എന്നിവ ഉപയോഗിക്കണം, കൈകള്‍ കഴുകണം. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബദല്‍സൗകര്യം ഒരുക്കണം.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളും മേല്‍നോട്ടംവഹിക്കുന്ന അധ്യാപകരും തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. ഇത്തരം രേഖകളില്ലാത്തവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ല. ചോദ്യപ്പേപ്പറുകള്‍, ഉത്തരപ്പേപ്പറുകള്‍ എന്നിവ ഉമിനീര്‍ ഉപയോഗിച്ച് മറിക്കരുതെന്നും 72 മണിക്കൂറിനുശേഷംമാത്രമേ ഉത്തരപ്പേപ്പറുകള്‍ തുറക്കാന്‍ പാടുള്ളൂവെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Content Highlights: Health Ministry issues revised SOP for exams