തേഞ്ഞിപ്പലം: അരനൂറ്റാണ്ടുപിന്നിട്ട കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി പഠനവകുപ്പിൽ പട്ടികവർഗ വിഭാഗത്തിൽനിന്നൊരു അധ്യാപകൻ. കൊമേഴ്സ് പഠനവകുപ്പിൽ അസി. പ്രൊഫസറായി തിങ്കളാഴ്ച സിൻഡിക്കേറ്റ് നിയമിച്ച സി. ഹരികുമാർ (30) ആണ് ചരിത്രത്തിന്റെ ഭാഗമായത്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരവാസികളായ മാവിലൻ വിഭാഗത്തിൽ നിന്നുള്ളയാളാണ് ഇദ്ദേഹം. കാലിക്കറ്റിലെ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവിഭാഗത്തിൽ പിഎച്ച്.ഡി. പഠിതാവാണ്. എം.കോം, എം.ഫിൽ ബിരുദങ്ങളും ഇവിടെനിന്നാണ് നേടിയത്.

തലശ്ശേരി ബ്രണ്ണൻ കോളേജിലായിരുന്നു ബിരുദപഠനം. കാസർകോട് താഴിനൂർ സ്വദേശിയായ ഉരുട്ടിക്കുണ്ട് കുഞ്ഞിരാമന്റെയും രാധയുടെയും മകനാണ്. വിദ്യാർഥിനികളായ ഹരിശ്രീ, ധനശ്രീ എന്നിവരാണ് സഹോദരങ്ങൾ.

Content Highlights: Harikumar to become the first Assistant professor from the Scheduled tribe community, Calicut university