ന്യൂഡല്‍ഹി: പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഒന്നാം ടേം പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ പുറത്തിറക്കി. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും  17 മുതല്‍ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും. പത്താം ക്ലാസിലെ ഒന്‍പത് വിഷയങ്ങളിലും പ്ലസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്‌ലൈന്‍ പരീക്ഷ നടക്കുക. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നു ശരിയുത്തരം കണ്ടെത്തുന്നതിനുള്ള ചോദ്യങ്ങള്‍ മാത്രമാണുണ്ടാവുക. 

ശരിയുത്തരം അടയാളപ്പെടുത്തുന്നതിനുള്ള സിബിഎസ്ഇ ബോര്‍ഡിന്റെ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ ഷീറ്റുകള്‍ സ്‌കൂളുകള്‍ പ്രിന്റ് എടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പരീക്ഷ എഴുതിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഒ.എം.ആര്‍ ഷീറ്റുകള്‍ സ്‌കൂളുകള്‍ സി.ബി.എസ്.ഇ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യണം.  90 മിനിട്ട് സമയമാണ് പരീക്ഷയെഴുതാന്‍ അനുവദിച്ചിരിക്കുന്നത്. 

ഇത്തവണ അധികമായി 30 മിനിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ചോദ്യപേപ്പര്‍ വായിക്കാന്‍ 20 മിനിട്ട് സമയം ലഭിക്കും. നേരത്തെ 15 മിനിട്ട് സമയമായിരുന്നു അനുവദിച്ചിരുന്നത്. കോവിഡ് വ്യാപനത്തിനുള്ള സാധ്യതയുള്ളതിനാല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാന്‍ അനുവദിക്കണമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സി.ബി.എസ്.ഇ തള്ളുകയായിരുന്നു.

Content Highlights: guidlines for exam for 10th,+ 2 classes for CBSE published