തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റര്‍ തിയറി പരീക്ഷകളും ബി.ടെക് (ഓണേഴ്സ്) സെമസ്റ്റര്‍ 7, 8 (2017-18 ബാച്ച്) പരീക്ഷയും അതത് കോളേജുകളില്‍ ഓണ്‍ലൈനായി നടത്തുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് സര്‍വകലാശാല സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും അനുമതി നല്‍കി. തിയറി പരീക്ഷകള്‍ (ബി.ടെക് എസ്- 8 എഫ്.ടി., പി.ടി. ജൂണ്‍ 28-നും ജൂലായ് 12-നുമിടയില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അതത് സ്ഥാപനങ്ങള്‍ പരീക്ഷാ ഷെഡ്യൂള്‍ കഴിയുന്നതും നേരത്തേ പ്രസിദ്ധീകരിക്കും. എം.ബി. എ. ടി-6 എഫ്.ടി., ടി-8 പി.ടി. പരീക്ഷത്തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

കോവിഡ് മൂലം പരീക്ഷ എഴുതാനാവാത്ത വിദ്യാര്‍ഥികള്‍ക്ക് ജൂലായ് 31- നോ അതിനുമുമ്പോ ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ അവസരം നല്‍കും. അങ്ങനെ പരീക്ഷക്ക് അവസരം നല്‍കേണ്ടവരുടെ വിവരം ജൂലായ് 15-നകം അതത് കോളേജുകള്‍ സര്‍വകലാശാലയെ അറിയിക്കണം.

സര്‍വകലാശാല നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ പഠിപ്പിച്ച അധ്യാപകര്‍ തന്നെയാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കുക. മാതൃകാ ചോദ്യപേപ്പര്‍ സര്‍വകലാശാല പ്രസിദ്ധീകരിക്കും. ചോദ്യത്തില്‍ ഓരോ പാര്‍ട്ടിന്റെയും മൂന്നിലൊന്ന് ഡിസൈന്‍ ഓറിയന്റഡായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ചോദ്യപ്പേപ്പര്‍ വിലയിരുത്തണം. ഏതെങ്കിലും വിദ്യാര്‍ഥിക്ക് താമസിക്കുന്ന സ്ഥലത്ത് കണക്ടിവിറ്റി പ്രശ്നങ്ങളുണ്ടെങ്കില്‍ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ തന്നെയാകണം മൂല്യനിര്‍ണയവും നടത്തേണ്ടത്.

കോളേജുകള്‍ നല്‍കുന്ന മാര്‍ക്കിനെ മുന്‍ സെമസ്റ്ററുകളിലെ മാര്‍ക്കുമായി നിശ്ചിത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍മലൈസ് ചെയ്താണ് സര്‍വകലാശാല മാര്‍ക്ക് ഷീറ്റ് തയ്യാറാക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന ഗ്രേഡില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അത് റദ്ദാക്കി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ബി.ടെക് (ഓണേഴ്സ്) ഇതിനോടകം എഴുതിയ പരീക്ഷകള്‍ റദ്ദാക്കാന്‍ അനുമതിയില്ല.

Content Highlights:  Guidelines ready for theOnline Examination in Technical University Colleges