തിരുവനന്തപുരം:പി.എസ്.സി.യെ മറികടന്ന് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂട്ടനിയമനം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി. 14 തസ്തികകളിലായി 109 പേരെ നിയമിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറിക്കിയത്. രണ്ടു തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. നേരിട്ട് വിജ്ഞാപനം ക്ഷണിച്ച് നിയമനം നടത്താനുള്ള നടപടികള്‍ സര്‍വകലാശാല ആരംഭിച്ചു.

സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി. വഴി നടത്തണമെന്നാണ് വ്യവസ്ഥ. 2016 മുതല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ പി.എസ്.സി.യാണ് നിയമനം നടത്തുന്നത്. മറ്റ് ചില അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് നിയമന നടപടികള്‍ പി.എസ്.സി. ആരംഭിച്ചിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് അനുമതി. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി പിന്നീട് സ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമുണ്ടെന്ന് ആരോപണമുയര്‍ന്നു.

താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി നികത്തണമെന്ന വ്യവസ്ഥയും ലംഘിക്കുകയാണ്. പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കുമ്പോള്‍ പരിചയസമ്പന്നരായ ജീവനക്കാരെ മറ്റു സര്‍വകലാശാലകളില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്ന രീതിയാണുള്ളത്. അതും അട്ടിമറിക്കുന്നു.

ഈ വര്‍ഷം ജനുവരിയില്‍ താത്കാലിക നിയമനത്തിന് വിജ്ഞാപനമിറക്കി ഓപ്പണ്‍ സര്‍വകലാശാല അപേക്ഷകള്‍ ശേഖരിച്ചിരുന്നു.സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. സിന്‍ഡിക്കേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇപ്പോള്‍ തസ്തികകള്‍ അനുവദിച്ചതും കരാര്‍നിയമനത്തിന് അനുമതി നല്‍കുന്നതും.

Content Highlights: group temporary appointment permission for sreenarayana guru open university