വടക്കാഞ്ചേരി: എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ കാണാപ്പാഠം പഠിക്കുന്നത്? എന്തുകൊണ്ട് പഠനം ഇത്ര വിരസമാകുന്നു? പഠിച്ച വിദ്യകള്‍ പ്രയോഗിക്കാന്‍ അവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ട്?

വിദ്യാഭ്യാസപ്രവര്‍ത്തകരെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് പൂര്‍വവിദ്യാര്‍ഥികളായ ഗാനി ഫിറോസ്, ഷെറി ജോണി, ശ്യാംനാഥ്, എന്‍. സതീഷ്‌കുമാര്‍ എന്നിവരുടെ ശ്രമങ്ങള്‍ ചെന്നെത്തിയത് ഗ്രെയിന്‍എഡിലാണ്.

ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഭൂരിഭാഗം ഓണ്‍ലൈന്‍ കോഴ്സുകളും. സയന്‍സ്, നിയമം, സാമ്പത്തികശാസ്ത്രം, ഡിസൈന്‍, ഗണിതം, സാമൂഹികശാസ്ത്രം, മനശ്ശാസ്ത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളിലായുള്ള കോഴ്സുകള്‍ സൗജന്യമാണ്.

2016-ല്‍ രൂപംകൊണ്ട കൂട്ടായ്മ കുട്ടികള്‍ക്ക് ആശയങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊടുക്കും. മാത്രമല്ല, എന്തിനാണ് ഈ വിഷയങ്ങള്‍ പഠിക്കുന്നത് എന്നത് പ്രായോഗിക ഉദാഹരണങ്ങളിലൂടെ അവതരിപ്പിക്കും.

വ്യത്യസ്ത മേഖലകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, പ്രായോഗിക പരിജ്ഞാനമുള്ള വ്യക്തികളും പദ്ധതിയില്‍ മെന്റര്‍മാരായി. മുപ്പതോളം പേര്‍ ഇപ്പോള്‍ ഗ്രെയിന്‍എഡ് മെന്റര്‍മാരാണ്. കുവൈത്ത്, ഒമാന്‍, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലായി ഇരുനൂറോളം ക്ലാസ്സുകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.

ഇപ്പോള്‍ 40 ക്ലാസുകള്‍ എല്ലാ മാസവും. സ്‌കൂളുകള്‍, വായനശാലകള്‍, ഗ്രാമീണ കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ പലയിടത്തും ക്ലാസുകള്‍. കോഴ്സുകളുടെ വിവരങ്ങള്‍ അറിയാനും ചേരാനും ആഗ്രഹിക്കുന്നവര്‍ക്ക് www.grain-ed.com-ല്‍ ബന്ധപ്പെടാം.

പുതിയ വെല്ലുവിളി

ഓണ്‍ലൈന്‍ പഠനം എന്ന ആശയം സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ആദ്യകാല പ്രതിബന്ധം. എന്നാല്‍, കോവിഡ്കാലത്ത് കുട്ടികള്‍ ഭൂരിഭാഗം നേരവും ഓണ്‍ലൈന്‍ ക്ലാസുകളിലാണ് എന്നതാണ് പുതിയ വെല്ലുവിളി
- എന്‍. (സതീഷ്‌കുമാര്‍, എങ്കക്കാട്)

തോല്‍വിയില്‍ ആശങ്കയില്ല

വിജയത്തിന്റെ ഭാഗമാണ് തോല്‍വിയെന്ന് ഗ്രെയിന്‍ എഡ് വഴി തിരിച്ചറിഞ്ഞു. പരാജയത്തെപ്പറ്റി ചിന്തിക്കാതെ ധൈര്യത്തോടെ മുന്നോട്ടുപോകുവാന്‍ ഞങ്ങള്‍ പഠിച്ചു. മനസ്സില്‍ത്തട്ടുന്ന ക്ലാസുകളാണെല്ലാം. മാനസിക പിരിമുറുക്കങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നവ.
-തേജ, (പ്ലസ് ടു വിദ്യാര്‍ഥിനി സല്‍സബീല്‍ സ്‌കൂള്‍, മുണ്ടൂര്‍)

കാണാപ്പാഠം വേണ്ട

പ്രവാസികളായ കുട്ടികളെ സംബന്ധിച്ച് ഇത് ഏറെ പ്രയോജനകരമാണ്. കാണാപ്പാഠം പഠിക്കുന്ന രീതി മറികടക്കാനായി.
- ആദിത്യ അനില്‍ (പ്ലസ്ടു വിദ്യാര്‍ഥി, കുവൈത്ത്)

Content Highlights: grain-ed free online courses for school students