തൃശ്ശൂർ: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇക്കൊല്ലം ഗ്രേസ് മാർക്ക് ഉണ്ടാവുമെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്രേസ് മാർക്ക് കൊടുക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്ന കാര്യത്തിൽ പരാതി ഉണ്ടാവരുതെന്ന നിർദേശവും സർക്കാരിൽ നിന്ന് ഉണ്ടായിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി.ഇ.യ്ക്കാണ് മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള ചുമതല. കലാ, കായിക മേളകൾ, എൻ.സി.സി., നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.), സ്റ്റുഡന്റ്സ് പോലീസ,് ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിവയ്ക്കാണ് സംസ്ഥാന സിലബസിൽ എല്ലാ വർഷവും ഗ്രേസ്മാർക്ക് നൽകുന്നത്.

കോവിഡ് മൂലം സ്കൂൾ തുറക്കാതിരുന്നപ്പോൾ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത പശ്ചാത്തലത്തിലാണ് ഗ്രേസ് മാർക്ക് കൊടുക്കുന്നത് വെല്ലുവിളിയായി മാറുന്നത്. കഴിഞ്ഞദിവസം ചേർന്ന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ (ക്യു.ഐ.പി.) യോഗത്തിലാണ് ഗ്രേസ്മാർക്ക് കൊടുക്കണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായത്.

കഴിഞ്ഞ കൊല്ലത്തെ മേളകൾ പരിഗണിച്ചേക്കും

ഇക്കൊല്ലം കലാ-കായിക മേളകൾ നടക്കാത്ത സ്ഥിതിക്ക് കഴിഞ്ഞ കൊല്ലത്തെ മേളകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നവർ അവർ ഒമ്പതാം ക്ലാസിലായിരുന്നപ്പോൾ മേളകളിൽ കിട്ടിയ ഗ്രേഡുകളായിരിക്കും ഇങ്ങനെ വന്നാൽ കണക്കിലെടുക്കുക. അതുപോലെ ഇക്കൊല്ലത്തെ പ്ലസ്ടുക്കാരിൽ അവർ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മേളകളിൽ കിട്ടിയ ഗ്രേഡുകളും.

ദേശീയ തല മത്സരങ്ങളിലും ഒമ്പത്, പ്ലസ് വൺ ക്ലാസുകാർ മികവ് കാട്ടിയിട്ടുണ്ടെങ്കിൽ പരിഗണനയിൽ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. മേളകൾ ഒഴിച്ചുള്ളവയുടെ കാര്യത്തിലും ഇതേ രീതി തന്നെ പരീക്ഷിക്കാനാണ് സാധ്യത.

ഗ്രേസ് മാർക്ക് വിദ്യാർഥി സൗഹൃദമായിരിക്കും

ഗ്രേസ് മാർക്ക് നിശ്ചയിക്കുന്നത് വിദ്യാർഥികൾക്ക് പരിഭവം ഉണ്ടാവാത്ത തരത്തിലായിരിക്കും. എല്ലാ വശവും പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

ഡോ. ജെ. പ്രസാദ്, ഡയറക്ടർ, എസ്.സി.ഇ.ആർ.ടി.

Content Highlights: Grace mark will be given in SSLC, Plus Two Exams, NCC, NSS, SCERT