കോഴിക്കോട്: പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ചതിന് പ്ലസ്ടു മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ലഭിച്ച കുട്ടികൾക്ക് ഡിഗ്രി പ്രവേശനത്തിന് വീണ്ടും ഗ്രേസ് മാർക്ക് നൽകുന്നു. ഒരേ ഇനത്തിന് രണ്ടുതവണ ഗ്രേസ് മാർക്ക് നൽകുന്നതുകാരണം പ്ലസ് ടുവിന് നൂറുശതമാനം മാർക്ക് നേടിയ വിദ്യാർഥികൾ ഡിഗ്രി പ്രവേശന റാങ്ക് ലിസ്റ്റിൽ പിന്തള്ളപ്പെടുന്നു.

എൻ.സി.സി., എൻ.എസ്.എസ്., സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നിവയിൽ അംഗങ്ങളായവർക്കും യൂത്ത് ഫെസ്റ്റിവൽ, ശാസ്ത്ര, ഗണിതശാസ്ത്ര മേളകൾ തുടങ്ങിയവയിൽ അർഹത നേടിയവർക്കും ഗ്രേസ് മാർക്കിന് അവകാശമുണ്ട്. പ്ലസ്ടു മാർക്ക് ഷീറ്റിൽത്തന്നെ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തുന്നുണ്ട്. അതിനുശേഷം ഇതേ കുട്ടികൾ ഡിഗ്രിക്ക് അപേക്ഷിക്കുമ്പോൾ എൻ.സി.സി., എൻ.എസ്.എസ്., പോലീസ് കാഡറ്റ് തുടങ്ങിയവയ്ക്ക് വീണ്ടും ഗ്രേസ് മാർക്ക് നൽകുന്നു.

ഡിഗ്രി പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക് സർവകലാശാല തയ്യാറാക്കുമ്പോൾ ഗ്രേസ് മാർക്ക് ചേർത്താണ് പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഫലത്തിൽ ഒരേ കുട്ടിക്ക് രണ്ടുതവണ ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട്. എൻ.സി.സി., എൻ.എസ്.എസ്. തുടങ്ങിയവയിൽ അംഗങ്ങളായവർക്ക് ഡിഗ്രി പ്രവേശനത്തിന് 15 മാർക്കാണ് ഗ്രേസ് മാർക്കായി അനുവദിക്കുന്നത്. പാഠ്യേതരരംഗത്ത് മികവ് തെളിയിച്ചതിന് രണ്ടുതവണ ഗ്രേസ് മാർക്ക് ലഭിക്കുന്ന രീതി വർഷങ്ങളായി തുടരുകയാണ്. എല്ലാ വിഷയത്തിലും നൂറുശതമാനം മാർക്കു വാങ്ങി വിജയിച്ച കുട്ടി ഡിഗ്രി പ്രവേശന റാങ്ക് പട്ടികയിൽ ചിലപ്പോൾ താഴേക്കുപോവുകയും രണ്ടുതവണ ഗ്രേസ് മാർക്ക് കിട്ടുന്നവർ മുന്നിലെത്തുകയും ചെയ്യുന്ന സ്ഥിതി. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും പിഴവ് തിരുത്താൻ തയ്യാറായിട്ടില്ല.

മാറ്റംവരുത്തേണ്ടത് സർക്കാർ

കേരളത്തിലെ എല്ലാ സർവകലാശാലകളും ഇതേ രീതിയിലാണ് പ്രവേശനം നടത്തുന്നത്. സർവകലാശാലാ അക്കാദമിക് കൗൺസിലിന്റെ ശ്രദ്ധയിൽ ഇതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിൽ സർക്കാരാണ് മാറ്റംവരുത്തേണ്ടത്. സർവകലാശാലകൾ സർക്കാർ നിർദേശപ്രകാരമാണ് ഗ്രേസ് മാർക്ക് നൽകുന്നത്.
-സി.എൽ. ജോഷി (രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല)

നടപടി ശരിയല്ല

ഒരേ കുട്ടിക്ക് രണ്ടുതവണ ഗ്രേസ് മാർക്ക് നൽകുന്നത് ശരിയല്ല. വർഷങ്ങളായി തുടർന്നുവരുന്ന രീതിയെന്നതുകൊണ്ട് ഇത് തിരുത്താതിരിക്കുന്നത് അനീതിയാണ്.
-പ്രൊഫ. വർഗീസ് മാത്യു (പ്രസിഡന്റ്, കേരള എയ്‌ഡഡ് കോളേജ് പ്രിൻസിപ്പൽ കൗൺസിൽ)

Content Highlights: Grace Mark Criteria in UG Admissions Needed to Change