പെരിന്തൽമണ്ണ: കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി സ്കൂൾ ബസുകളിൽ ജി.പി.എസ്. യന്ത്രം ഘടിപ്പിക്കൽ പദ്ധതി മരവിപ്പിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂൾ ബസുകളിലും ജി.പി.എസ്. സംവിധാനം ഘടിപ്പിക്കാനുള്ള ’സുരക്ഷാമിത്ര’യാണ് മരവിപ്പിച്ചത്.

ഇന്ത്യയിലാദ്യമെന്ന നിലയിൽ മാസങ്ങൾക്കുമുൻപ് കൊണ്ടുവന്ന പദ്ധതിയാണ് മോട്ടോർ വാഹനവകുപ്പ് മരവിപ്പിച്ചിരിക്കുന്നത്. ജി.പി.എസ്. ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടിയതായാണ് അധികൃതർ പറയുന്നത്. എന്നാൽ 2019 ഏപ്രിൽ ഒന്നുമുതൽ എല്ലാതരം വാഹനങ്ങളിലും ജി.പി.എസ്. ഘടിപ്പിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുള്ളതെന്നാണ് വിവരം.

അധ്യയനവർഷം അവസാനിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ എല്ലാ സ്കൂൾ ബസുകളും പരിശോധിച്ച് യന്ത്രം സ്ഥാപിച്ചത് ഉറപ്പാക്കൽ പ്രായോഗികമല്ലെന്നും വാഹനവകുപ്പ് വിലയിരുത്തുന്നു. ജില്ലതോറും ആയിരക്കണക്കിന് വാഹനങ്ങൾ ഇത്തരത്തിൽ പരിശോധിക്കേണ്ടിവരും.

പുതിയ അധ്യയനവർഷം തുടങ്ങുന്നതിന്റെ ഭാഗമായി മേയ്‌മാസം അവസാനത്തോടെ എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുണ്ട്. അപ്പോൾ ജി.പി.എസ്. പരിശോധനകൂടി നടത്തുകയും വാഹനങ്ങളിൽ ഇത് ഉറപ്പാക്കുകയും ചെയ്യാമെന്നും വാഹനവകുപ്പ് കരുതുന്നു.

പദ്ധതി നടപ്പാക്കുന്നതിനായി ’വെഹിക്കിൾ ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം’ എന്ന പേരിൽ സോഫ്റ്റ്‌വേറിന് രൂപം നൽകിയിരുന്നു. വാഹനങ്ങളെ നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽ കേന്ദ്രീകൃത സംവിധാനവും സജ്ജീകരിച്ചു. ഇതിന് കംപ്യൂട്ടർ, സ്‌ക്രീൻ തുടങ്ങി അനുബന്ധസംവിധാനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയും ചെലവഴിച്ചിരുന്നു.

ജില്ലാ ആർ.ടി.ഓഫീസുകളിൽ നിരീക്ഷണസംവിധാനവും ഏർപ്പെടുത്താനായിരുന്നു തീരുമാനം. ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകി. ഇതിനെല്ലാം ചെലവിട്ട ലക്ഷക്കണക്കിന് രൂപയുടെ പദ്ധതിയാണ് പാതിവഴിയിൽ നിർത്തുന്നത്. പദ്ധതിക്കായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഓഫീസിലും എല്ലാ ആർ.ടി.ഓഫീസുകളിലും കൺട്രോൾ റൂം പദ്ധതിക്കായി തുടങ്ങിയിരുന്നു.

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജി.പി.എസ് സംവിധാനത്തെ പ്രത്യേക ചിപ്പിലൂടെ ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുക. ഓരോ ബസും എവിടെയുണ്ടെന്നും പോകുന്ന ദിശയേതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ വാഹനവകുപ്പിന് അറിയാനാകുന്നതാണ് സംവിധാനം.

Content Highlights: GPS in School buses