ന്യൂഡല്‍ഹി: എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമുള്ള പ്രദേശങ്ങളില്‍ മാത്രമേ താത്കാലികമായിപ്പോലും ഓണ്‍ലൈന്‍ പഠനരീതി നടപ്പാക്കാവൂവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ. അടച്ചിടലിന്റെ മറവില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് പി.ബി. ആരോപിച്ചു.

വിദ്യാഭ്യാസരംഗത്ത് ഡിജിറ്റല്‍ വിഭജനം സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ എതിര്‍ക്കും. വിദ്യാര്‍ഥികളെ ബാധിക്കാത്തവിധത്തില്‍ അക്കാദമികവര്‍ഷം പുനഃക്രമീകരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്ന് യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സ്‌കൂളുകളിലെയും കോളേജുകളിലെയും പരമ്പരാഗത വിദ്യാഭ്യാസരീതിയെ ഡിജിറ്റല്‍ രീതികള്‍കൊണ്ട് പകരംവെക്കാനുള്ള നീക്കത്തെ പാര്‍ട്ടി എതിര്‍ക്കും. പരീക്ഷയും പ്രവേശനവുമൊക്കെ ഡിജിറ്റല്‍ രീതിയില്‍ നടപ്പാക്കുന്നു. ഡിജിറ്റല്‍ സൗകര്യം സാര്‍വത്രികമാക്കാതെ ഇങ്ങനെ ചെയ്യരുതെന്നും വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ വിഭജനത്തെ എതിര്‍ക്കുമെന്നും സി.പി.എം. വ്യക്തമാക്കി.

കോവിഡിനെ നേരിടുന്നതില്‍ മാത്രമല്ല, സാമ്പത്തികവികസനത്തിലും കേരളം മാതൃകയാണ്. കേരളം രൂപവത്കരിക്കപ്പെട്ടതു മുതല്‍ പ്രധാനപ്പെട്ട ശക്തിയാണ് ഇടതുപക്ഷം -യെച്ചൂരി പറഞ്ഞു.

ദേവികയുടെ മരണം: വിദ്യാഭ്യാസ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക മരിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍, വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയിട്ടില്ല. കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍, സ്‌കൂളിലെ കുട്ടികളില്‍ 25 പേര്‍ക്ക് ഇന്റര്‍നെറ്റ്, ടി.വി. സൗകര്യങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു. ദേവികയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ക്ലാസ് അധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിക്കുകയും ഇത് പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ടി.വി.യോ മൊബൈല്‍ ഫോണോ ഇല്ലെന്നതിന്റെപേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല -മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Govt using lockdown to impose digital teaching methods says CPM PB