ന്യൂഡൽഹി: 2021-22 അധ്യായന വർഷം മുതൽ രാജ്യത്തെ എല്ലാ സൈനിക് സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ. നിലവിൽ 33 സെനിക് സ്കൂളുകളാണ് രാജ്യത്തുള്ളത്.

2018-19 അധ്യായന വർഷത്തിൽ മിസോറാമിലെ ചിങ്ചിപ്പ് സൈനിക് സ്കൂളിൽ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയകരമായതോടെയാണ് ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള തീരുമാനം കേന്ദ്രമെടുത്തത്. സംസ്ഥാനങ്ങൾ, എൻ.ജി.ഒകൾ, സ്വകാര്യ സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെ പുതിയ പദ്ധതികൾ നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപഥ് നായിക് ലോക്സഭയിൽ അറിയിച്ചു.

സംസ്ഥാനങ്ങൾ, എൻ.ജി.ഒകൾ, സ്വകാര്യ സ്കൂളുകൾ തുടങ്ങിയവയുടെ സഹായത്തോടെ 'സി.ബി.എസ്.ഇ ' രീതിയിലുള്ള പഠനാന്തരീക്ഷത്തിനൊപ്പം, സൈനിക് സ്കൂളുകളുടെ ധാർമ്മികത, മൂല്യവ്യവസ്ഥ, ദേശസ്നേഹം എന്നിവ കൂടി ചേർന്നുള്ള പഠനരീതിയാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം സഭയിൽ വ്യക്തമാക്കി.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക് സ്കൂൾ സൊസൈറ്റിക്കാണ് സ്കൂളുകളുടെ നടത്തിപ്പിന്റെ ചുമതല. ചെറുപ്രായത്തിൽത്തന്നെ ഇന്ത്യൻ സേനകളുടെ ഭാ​ഗമാകാൻ വിദ്യാർഥികളെ സജ്ജരാക്കുകയാണ് സൈനിക് സ്കൂളുകളുടെ ലക്ഷ്യം.

Content Highlights: Govt to admit girl cadets in all Sainik schools from 2021-22, AISSEE