ന്യൂഡല്‍ഹി: കോവിഡ്-19നെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഒരുക്കിയ ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ വെബ്‌പോര്‍ട്ടല്‍ ആരംഭിച്ചു. യങ് ഇന്ത്യ കോംബാറ്റിങ് കോവിഡ് വിത്ത് നോളജ്, ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ - യുക്തി (YUKTI)- എന്ന പേരില്‍ ആരംഭിച്ച വെബ്‌പോര്‍ട്ടല്‍ എച്ച്.ആര്‍.ഡി മന്ത്രി രമേഷ് പൊഖ്രിയാല്‍ ഉദ്ഘാടനം ചെയ്തു. 

വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റം, ജോലിനേടുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍, മാനസികവും ശാരീകവുമായ ആരോഗ്യപരമായ കാര്യങ്ങള്‍ തുടങ്ങിയവയിലുള്ള പരിഹാരം വെബ്‌പോര്‍ട്ടല്‍ വഴി നല്‍കാനാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതും പോര്‍ട്ടലിന്റെ ലഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് പോര്‍ട്ടല്‍ അവസരം നല്‍കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ പഠനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവസരമുണ്ടായിരിക്കും. വരുന്ന ആറ് മാസത്തേക്ക് എച്ച്.ആര്‍.ഡി മന്ത്രാലയം നടപ്പാക്കുന്ന എല്ലാവിധ പഠന സംവിധാനങ്ങളും പോര്‍ട്ടല്‍വഴി നിരീക്ഷണമേര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Govt launches 'YUKTI' portal to monitor HRD initiatives, students' concern amid coronavirus crisis