തിരുവനന്തപുരം: അധ്യയന വര്‍ഷം ആരംഭിച്ച് മൂന്നുമാസമായിട്ടും സ്‌കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ സിലബസ് ചുരുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കില്ല. വര്‍ഷാവസാനം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പരീക്ഷാ സമയത്ത് ചില പാഠങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും.

സാധാരണദിവസം അഞ്ചു മണിക്കൂര്‍ പഠനത്തിന് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ദിവസം അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍വരെ മാത്രമാണ് ഓരോ ക്ലാസിലും പഠനം നടക്കുന്നത്.

ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും എത്ര ജ്ഞാനമുണ്ടാകണമെന്നത് അനുസരിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതില്‍നിന്ന് ഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് അനുചിതമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ സമയത്ത് ആവശ്യമെങ്കില്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. സ്‌കൂള്‍ തുറക്കുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

സ്‌കൂള്‍ തുറക്കല്‍ കേന്ദ്ര നിലപാടനുസരിച്ച്

സംസ്ഥാനത്ത് എന്ന് സ്‌കൂള്‍ തുറക്കാനാകുമെന്ന കാര്യത്തില്‍ കേന്ദ്രതീരുമാനം വന്നശേഷം സംസ്ഥാനത്തെ സാഹചര്യംകൂടി കണക്കിലെടുത്താകും തീരുമാനം. എല്ലാ ക്ലാസുകാര്‍ക്കും ഒറ്റയടിക്ക് ക്ലാസ് ആരംഭിക്കാതെ ഘട്ടങ്ങളായി ആരംഭിക്കാനാണ് ആലോചന. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യത്തിലോ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ക്ലാസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

Content Highlights: Govt decided not to reduce school syllabus; may cut down portions during exams