തിരുവനന്തപുരം: വന്‍കിട വ്യവസായങ്ങള്‍ക്ക് അനുയോജ്യരാകുന്ന തരത്തില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ സംസ്ഥാനത്ത് വ്യവസായം അടിസ്ഥാനമാക്കിയുള്ള കോഴ്സുകള്‍ വരുന്നു. സാധാരണ എന്‍ജിനിയറിങ് വിഷയങ്ങള്‍ക്കൊപ്പം നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, വിവര വിശകലനം, റൊബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിഷയങ്ങളിലും പഠന, പരിശീലനങ്ങള്‍ സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം.

എല്ലാ സര്‍വകലാശാലകളിലും പ്രത്യേകിച്ച്, സാങ്കേതിക സര്‍വകലാശാലയിലും കൊച്ചി സര്‍വകലാശാലയിലും ഇത്തരം കോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ വിദഗ്ധരായ ഉദ്യോഗാര്‍ഥികളെ കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന അഭിപ്രായം വ്യാവസായമേഖലയില്‍നിന്ന് നേരത്തേതന്നെ ഉയര്‍ന്നിരുന്നു. പിന്നാലെ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പഠിക്കുന്നതിന് വിദഗ്ധസമിതി രൂപവത്കരിച്ചു. സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് വ്യവസായം അടിസ്ഥാനമാക്കിയുള്ള കോഴ്സുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.

കോഴ്സുകള്‍ എങ്ങനെയായിരിക്കണമെന്നും എങ്ങനെ നടപ്പാക്കണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിദഗ്ധ സമിതിയുണ്ടാക്കും. തുടര്‍ന്ന് സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലുകളും മറ്റ് ബോര്‍ഡുകളും ചര്‍ച്ചചെയ്ത് അന്തിമതീരുമാനത്തിലെത്തും. നൂതന വിഷയങ്ങളില്‍ അധ്യാപകര്‍ക്കൊപ്പം വ്യവസായരംഗത്തെ വിദഗ്ധരും സ്റ്റാര്‍ട്ടപ് മിഷന്‍, ഐ.സി.ടി. അക്കാദമി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിദഗ്ധരും ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസെടുക്കും.

കൂടാതെ, കോഴ്സുകള്‍ക്കുള്ള മൊത്തം ക്രെഡിറ്റില്‍നിന്ന് 20 ശതമാനം ക്രെഡിറ്റ് കുട്ടികളുടെ ഇഷ്ടമുള്ളവിഷയങ്ങള്‍ പഠിക്കാനാകുന്ന മൈനര്‍ പ്രോഗ്രാമുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഒരു പ്രത്യേക വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ത്തന്നെ മറ്റൊരു വിഷയത്തില്‍ ഒരു മൈനര്‍ ഡിഗ്രികൂടി കിട്ടുകയും ചെയ്യും.

Content Highlights: Govt approved to begin new engineering courses giving priority to industrial skills