തിരുവനന്തപുരം: ഈ അക്കാദമിക വർഷംതന്നെ സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല കാമ്പസുകളിലും പുതിയ കോഴ്സുകൾക്കായുള്ള ഉത്തരവിന് ഗവർണർ അനുമതിനൽകി. പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഓഗസ്റ്റ് 31-ന് മുമ്പ് അപേക്ഷിക്കണമെന്നാണ് ചട്ടം. അതിന് ശേഷമാണ് സർക്കാർ പുതിയ കോഴ്സുകൾക്ക് തീരുമാനമെടുത്തത്. ഇതിന് ഗവർണറുടെ അനുമതി വേണം. ഏതൊക്കെ കോഴ്സുകൾ അനുവദിക്കണമെന്നത് സംബന്ധിച്ച വിവിധ സർവകലാശാലകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

നാക് അക്രഡിറ്റേഷനുള്ള സർക്കാർ, എയ്‌ഡഡ് കോളേജുകളിലാണ് പുതിയ കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. നൂതന വിഷയങ്ങളിൽ ഉൾപ്പടെ 70 വിഷയങ്ങളിലാണ് കോഴ്സുകൾ. ഓരോ കോളേജുകൾക്കും രണ്ടുവീതം കോഴ്സുകൾ ആവശ്യപ്പെടാം. സർവകലാശാലകൾ അപേക്ഷ സ്വീകരിച്ച് സെപ്റ്റംബർ 21-ന് മുമ്പ് സർക്കാരിന് സമർപ്പിക്കാനായിരുന്നു നിർദേശം.

നവംബർ ഒന്നിന് മുമ്പ് കോഴ്സുകൾക്ക് അനുമതി നൽകുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസവകുപ്പ് അറിയിച്ചത്. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് മേഖലകളിലാണ് ബിരുദാനന്തര ബിരുദ കോഴ്സുകൾ. എട്ട് ബ്രാഞ്ചുകളിലാണ് എം.എസ്സി. കോഴ്സുകൾ. ഹ്യുമാനിറ്റീസ് സോഷ്യൽ സയൻസസ് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് 18 ഐശ്ചിക വിഷയങ്ങളും ഉൾപ്പെടുത്തി. ബിരുദത്തിന് 50 വിഷയങ്ങൾ പുതിയതായി അനുവദിക്കും. ഇക്കണോമിക്സും ഹിസ്റ്ററിയും ഉൾപ്പെടുന്ന ബി.എ. ഓണേഴ്സ്, ഹിസ്റ്ററിയും ഇന്റർനാഷണൽ റിലേഷൻസും ഉൾപ്പെടുന്ന ബി.എ. ഓണേഴ്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ ഉൾപ്പെടുന്ന ഡബിൾ മെയിൻ ബി.എസ്സി., കെമിസ്ട്രിയും ബയോകെമിസ്ട്രിയും ഉൾപ്പെടുന്ന ഡബിൾ മെയിൻ ബി.എസ്സി., ഡിഫൻസ് സ്റ്റഡീസ്, മെറ്റീരിയൽസ് മാനേജ്മെന്റ്, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ് എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളും ബി.എ.യ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ കോഴ്സുകൾ അനുവദിക്കുമെങ്കിലും പുതുതായി അധ്യാപക തസ്തികകൾ തത്‌കാലം അനുവദിക്കേണ്ടെന്നാണ് തീരുമാനം. അതിഥി അധ്യാപകരെയും നിലവിലുള്ള അധ്യാപകരെയും ഉപയോഗിച്ചാകും കോഴ്സുകൾ നടത്തുക.

Content Highlights: Governor Approved to Issue Order to Commence New Courses