മലപ്പുറം: കോവിഡുമൂലം തുറക്കാനായില്ലെങ്കിലും വിദ്യാലയങ്ങള്‍ക്ക് ഈ വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുള്ള ഗ്രാന്റ് നഷ്ടപ്പെടില്ല. മുന്‍വര്‍ഷത്തെ കുട്ടികളുടെ കണക്കനുസരിച്ച് ഗ്രാന്റ് നല്‍കാനും അപേക്ഷാതീയതി നീട്ടാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

2020-21 അക്കാദമിക് വര്‍ഷം കോവിഡ് മൂലം വിദ്യാലയങ്ങള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കാനാവാത്തതുമൂലം മെയിന്റനന്‍സ് ഗ്രാന്റ് നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയിരുന്നു. 1986 മുതല്‍ 2014 വരെ ഒരു കുട്ടിക്ക് 3.50 പൈസ നിരക്കിലാണ് എയിഡഡ് വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ മെയിന്റനന്‍സ് ഗ്രാന്റ് നല്‍കിയിരുന്നത്. വിദ്യാലയങ്ങള്‍ മധ്യവേനലവധിക്ക് അടച്ച് തുറക്കും മുന്‍പ് പെയിന്റിങ് ചെയ്യാനും കേടുവന്ന ബെഞ്ച്, ഡസ്‌ക് എന്നിവ നന്നാക്കാനുമടക്കമുള്ളതായിരുന്നു ഈ തുക. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഇത് ഒരു കുട്ടിക്ക് 60 രൂപ എന്ന നിരക്കില്‍ വര്‍ധിപ്പിച്ചത്.

ഈ അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കാനും കുട്ടികളുടെ എണ്ണം കണക്കാക്കാനും സാധിക്കാത്തതിനാല്‍ ഇതനുവദിക്കാന്‍ സാധിച്ചിട്ടില്ലെന്നും മുന്‍വര്‍ഷത്തെ ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റ് അനുവദിക്കാനനുവദിക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ച്ച് അഞ്ചിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Government decided to give maintainance grant to aided schools, covid-19