തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി ജി സ്യൂട്ട് എന്ന ഓൺലൈൻ സങ്കേതം വരുന്നു. അധ്യാപകർക്ക് വിദ്യാർഥികളുമായി ആശയവിനിമയം നടത്താൻ സൗകര്യപ്രദമാണിത്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക പോർട്ടൽ ലോഗിൻ സംവിധാനമുണ്ടാകും. വ്യക്തിഗതവിവരങ്ങൾ മറ്റാർക്കും പങ്കിടില്ല.

ക്ലാസുകൾ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് അവ പിന്നീട് കാണാനും കഴിയും.വീഡിയോ കോൺഫറൻസിങ്ങിനുള്ള ഗൂഗിൾ മീറ്റ്, ക്ലാസ്റൂം ലേണിങ് മാനേജ്മെന്റ് സംവിധാനം, അസൈൻമെന്റുകൾ, ക്വിസുകൾ എന്നിവ നൽകാനും മൂല്യനിർണയം നടത്താനുമുള്ള സൗകര്യം, ഡേറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യം തുടങ്ങിയവ ജി സ്യൂട്ടിലുണ്ട്. വേഡ് പ്രോസസിങ്, പ്രസന്റേഷൻ, സ്പ്രെഡ്ഷീറ്റ്, ഡ്രോയിങ് എന്നിവയ്ക്കും കഴിയും. ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല.

ക്ലാസുകൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും സ്കൂൾതലത്തിൽ കുട്ടികളുടെ ഗ്രൂപ്പുണ്ടാക്കാം. കുട്ടികൾ പാസ്വേഡ് മറന്നാൽ പുതിയത് തയ്യാറാക്കാം.

ജി സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം അധ്യാപകർക്കും കുട്ടികൾക്കും നൽകും. ഓൺലൈൻ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.kite.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.

Content Highlights: G-Suit facilities for online learning, KITE