മെഡിക്കല്‍, ബാങ്കിങ് മേഖലയില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒട്ടേറെ അവസരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഗ്രാമവികസനമന്ത്രാലയത്തിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍. ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ പദ്ധതിപ്രകാരമുള്ള കോഴ്‌സുകളുടെ കേരളത്തിലെ നടത്തിപ്പുചുമതല കുടുംബശ്രീ മിഷനാണ്. ബിരുദം കഴിഞ്ഞതിനുശേഷം ജോലി അന്വേഷിക്കുന്നവര്‍ക്ക് കോഴ്‌സിന്റെ ഭാഗമാകാം. പഞ്ചായത്തില്‍ താമസിക്കുന്ന തൊഴില്‍രഹിതരും തൊഴില്‍ചെയ്യാന്‍ സന്നദ്ധരുമായവര്‍ക്ക് അപേക്ഷിക്കാം.

മെഡിക്കല്‍ റെക്കോഡ്‌സ് ടെക്‌നോളജി

ദൈര്‍ഘ്യം: ഒന്‍പതുമാസം. യോഗ്യത: ബി.എസ്സി. ബോട്ടണി/സുവോളജി. അംഗീകൃത ഫാര്‍മസി, നഴ്‌സിങ് ബിരുദം.

പ്ലസ് ടു ബയോളജി സയന്‍സും ഏതെങ്കിലും പാരാമെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും.

മെഡിക്കല്‍ റെക്കോഡ്‌സ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

ദൈര്‍ഘ്യം: ഏഴുമാസം. യോഗ്യത: ബി.എസ്സി. ബോട്ടണി/സുവോളജി. അംഗീകൃത ഫാര്‍മസി, നഴ്‌സിങ് ബിരുദം.

പ്ലസ് ടു ബയോളജി സയന്‍സും ഏതെങ്കിലും പാരാമെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും.

രണ്ടുകോഴ്‌സുകളും മെഡിക്കല്‍ കോഡിങ്, സ്‌ക്രൈബിങ്, ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നിവ ഉള്‍പ്പെടുത്തിയതാണ്.

ലോണ്‍ പ്രോസസിങ് ഓഫീസര്‍

ദൈര്‍ഘ്യം: മൂന്നുമാസം. യോഗ്യത: ബി.കോം., ബി.ബി.എ. പ്ലസ്ടു കൊമേഴ്സും ഏതെങ്കിലും വിഷയത്തിലെ ബിരുദവും.

അക്കൗണ്ടിങ്, ഫിനാന്‍സിങ് സംബന്ധമായ ജോലികള്‍ ചെയ്തിട്ടുള്ളവര്‍ക്ക് വിദ്യാഭ്യാസയോഗ്യതയില്‍ ഇളവ് ലഭിക്കാം. ബാങ്കിങ് മേഖലയില്‍ ജോലി നേടാന്‍ താത്പര്യപ്പെടുന്നവര്‍ക്കായുള്ള കോഴ്‌സാണിത്.

ഇന്‍ഡസ്ട്രി ട്രെയിനിങ്

കോഴ്‌സുകള്‍ക്ക് ഇന്‍ഡസ്ട്രി ട്രെയിനിങ് ഉണ്ടാകും. കോഴ്‌സ് ഫീ, ഹോസ്റ്റല്‍ ഫീ എന്നിവയും പരിശീലനകാലയളവിലെ ഭക്ഷണം, പുസ്തകം, പഠനോപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. തിരുവനന്തപുരത്താണ് കോഴ്‌സ് നടത്തുക.

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ദേശീയതലത്തില്‍ അംഗീകാരമുള്ള എസ്.എസ്.സി. സര്‍ട്ടിഫിക്കറ്റും പ്ലേസ്മെന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുകയോ ഇതേ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Content Highlights: free job oriented courses by central government