പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകാനുള്ള സർക്കാർ പദ്ധതി ഇത്തവണയും വിഭാവനം ചെയ്ത ലക്ഷ്യത്തിൽ എത്തില്ല. ഒന്നുമുതൽ പത്തുവരെ ക്ളാസുകളിലെ കുട്ടികൾക്ക് ഒരു ജോഡി കൈത്തറി യൂണിഫോം സൗജന്യമായി നൽകാനാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്.

25 ലക്ഷത്തോളം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതാണ്. എന്നാൽ ഈ അധ്യയന വർഷവും പത്തുലക്ഷത്തോളം കുട്ടികൾക്കെ ഇതിന്റെ പ്രയോജനം കിട്ടുകയുള്ളൂ.

കൈത്തറി തുണിയുടെ ലഭ്യതക്കുറവാണ് പ്രധാന തടസ്സം. മുൻവർഷങ്ങളിൽ വിതരണം ചെയ്തപോലെ സർക്കാർ സ്കൂളുകളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്‌ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ നാലുവരെ ക്ളാസുകളിലെ കുട്ടികൾക്കും മാത്രമാണ് ഈ വർഷവും സൗജന്യ യൂണിഫോം ലഭിക്കുക.

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ യൂണിഫോമുകൾ തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ ഒഴിച്ച് സംസ്ഥാനത്തെ മറ്റിടങ്ങളിൽ കൊടുത്തുകഴിഞ്ഞു. സൗജന്യ യൂണിഫോം പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ പ്രത്യകം തുക വകയിരുത്തിയിരുന്നു. ഒരു കുട്ടിക്ക് 4.6 മീറ്റർ തുണി ആണ് സൗജന്യമായി ലഭിക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ മാസത്തിനു മുൻപ് തന്നെ ഇക്കുറി സ്കൂളുകളിൽ കൈത്തറി യൂണിഫോം വിതരണം ചെയ്തു.

41 ലക്ഷം മീറ്റർ കൈത്തറി തുണി വിവിധ സ്കൂളുകളിലായി ലോക്ഡൗണിന് മുമ്പ് തന്നെ എത്തിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒരു ലക്ഷം മീറ്റർ കൈത്തറി തുണികൾ വിതരണം ചെയ്യാനുണ്ട്. മുൻ വർഷങ്ങളിലും സ്കൂൾ കുട്ടികൾക്കെല്ലാം സൗജന്യമായി യൂണിഫോം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അത് പൂർണതയിൽ എത്തിയിരുന്നില്ല.

കൈത്തറി തുണി ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാന തടസ്സം സംസ്ഥാനത്തു പതിനാലായിരത്തിനടുത്തു കൈത്തറി നെയ്ത്തു തൊഴിലാളികളേയുള്ളൂ. അതിൽ കൂടുതലും തിരുവനന്തപുരം ജില്ലയിലാണ്.

Content Highlights: Free Handloom uniforms for children, goal cannot be achieved this time either