കൊച്ചി: പുതിയ അധ്യയന വര്‍ഷം ക്ലാസ് മുറികളിലേക്ക് എത്താന്‍ വിദ്യാര്‍ഥികള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും സൗജന്യ കൈത്തറി യൂണിഫോം സജ്ജമായി കഴിഞ്ഞു. കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'സൗജന്യ കൈത്തറി യൂണിഫോം പദ്ധതി' വഴി ഈ അധ്യയന വര്‍ഷത്തേക്ക് 53 ലക്ഷം മീറ്റര്‍ തുണിയാണ് സജ്ജമാക്കിയിട്ടുള്ളത്. 48 ലക്ഷം മീറ്റര്‍ തുണിയുടെ ആവശ്യകത കണക്കാക്കിയിരുന്ന സ്ഥാനത്താണിത്.

ഒരു മീറ്ററിന് 200 രൂപയാണ് വില. ഇതുപ്രകാരം 106 കോടി രൂപയുടെ തുണിയാണ് നടപ്പു വര്‍ഷത്തേക്കായി സംസ്ഥാനത്തെ കൈത്തറി യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ യൂണിഫോം നിര്‍മാണം നടന്നിട്ടുള്ളത് തിരുവനന്തപുരത്താണ്. കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നിവയാണ് യൂണിഫോം നിര്‍മാണത്തില്‍ തൊട്ടുപിറകിലുള്ള ജില്ലകള്‍.

തുണിയില്‍ നിറം മുക്കിയെടുക്കുന്ന ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതും വേഗത്തില്‍ നടക്കുന്നുണ്ട്. കോവിഡ്-19 ലോക്ഡൗണും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും കാരണമാണ് ഈ പ്രവര്‍ത്തനങ്ങള്‍ വൈകിയതെന്ന് സംസ്ഥാന കൈത്തറി സൊസൈറ്റി അസോസിയേഷന്‍ സെക്രട്ടറി എ.വി. ബാബു അറിയിച്ചു. സ്‌കൂള്‍ തുറക്കുമ്പോഴേക്കും യൂണിഫോം വിതരണം സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ഇപ്പോഴും കൈത്തറി മേഖലയ്ക്കായിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ ജോലി ചെയ്യാനുള്ള സാഹചര്യം മേഖലയില്‍ ഇപ്പോഴില്ല. ഇതിനുപുറമെ കൂലി കിട്ടാത്തതും നെയ്ത്ത് തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. 2019 ഡിസംബര്‍ മുതലുള്ള ആറു മാസത്തെ കൂലിയാണ് മുടങ്ങിക്കിടക്കുന്നത്. ഏകദേശം 30 കോടി രൂപയോളം കൂലിയിനത്തില്‍ കിട്ടാനുണ്ട്.

മാത്രമല്ല, തുടര്‍ന്ന് ജോലി ചെയ്യാനാവശ്യമായ നൂലുകളും കിട്ടിയിട്ടില്ല. ഇതുകാരണം സംസ്ഥാനത്തെ 90 ശതമാനം കൈത്തറി സംഘങ്ങളും പൂര്‍ണമായും ലോക്ഡൗണിലാണ്. സൗജന്യ കൈത്തറി യൂണിഫോം പദ്ധതിക്കാവശ്യമായ നൂലും തറിയും നല്‍കുന്നത് സര്‍ക്കാരാണ്. നിലവില്‍ മാസ്‌ക് നിര്‍മാണമടക്കമുള്ള ജോലികള്‍ ചില യൂണിറ്റുകളില്‍ നടക്കുന്നുണ്ട്. പ്രാദേശിക തലത്തിലേക്കാവശ്യമായ മാസ്‌കുകളാണ് ഇത്തരത്തില്‍ യൂണിറ്റുകള്‍ തയ്യാറാക്കുന്നത്.

Content Highlights: Free handloom uniforms are ready for students, Lockdown, School Reopening