ന്യൂഡൽഹി: കുറ്റാന്വേഷണപഠനം കാര്യക്ഷമമാക്കാനുള്ള ഊർജിതനടപടികളുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ നടത്തുന്ന ഫൊറൻസിക് സയൻസ് കോഴ്സുകളുടെ നിലവാരം ഉയർത്താനും പാഠ്യപദ്ധതി പരിഷ്കരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇതിനുള്ള നടപടികളെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.

സംസ്ഥാനങ്ങളിലെ കോഴ്സുകളുടെ നിലവാരം ദേശീയ ഫൊറൻസിക് സയൻസ് സർവകലാശാലയുടേതിനു തത്തുല്യമാക്കുക, പാഠ്യപദ്ധതികൾ ഏകീകരിക്കുക, ഫൊറൻസിക് സയൻസ് കോഴ്സുകൾ ദേശീയ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റു ചെയ്യുക തുടങ്ങിയവയാണ് നിർദേശങ്ങൾ.

ഫൊറൻസിക് സയൻസ് കോഴ്സുകൾ സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് അനുബന്ധമായോ സഹായത്തോടെയോ ആരംഭിക്കണമെന്നാണ് ഇപ്പോൾ മുഖ്യമന്ത്രിമാർക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള പോലീസ് അക്കാദമിയിൽ സംസ്ഥാനത്തെ ആദ്യത്തെ ഫൊറൻസിക് സയൻസ് കോഴ്സ് 2019-ൽ തുടങ്ങിയിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുകീഴിൽ ആരംഭിച്ചിട്ടുള്ള ഈ കോഴ്സ് രാജ്യത്തുതന്നെ ആദ്യപാഠ്യപദ്ധതിയാണെന്ന് കേരള പോലീസ് അക്കാദമിയിലെ എം.എസ്സി. ഫൊറൻസിക് സയൻസ് വിഭാഗം അസി. പ്രൊഫസർ ഡോ. എം.എസ്. ശിവപ്രസാദ് 'മാതൃഭൂമി'യോടു പറഞ്ഞു.

Content Highlights: Forensic learning to become more efficient; Center proposes curriculum reform