വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നമുറയ്ക്ക് വിദേശ വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ പുറത്താക്കല്‍ ബാധിക്കും. കോവിഡ് 19-നെ തുടര്‍ന്നുള്ള പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരേ അമേരിക്കയിലെതന്നെ വിഷയവിദഗ്ധരും നിയമനിര്‍മാതാക്കളും രംഗത്തെത്തി.

സെപ്റ്റംബര്‍-ഡിസംബര്‍ സെമസ്റ്ററില്‍ മുഴുവനായും ഓണ്‍ലൈനിലേക്ക് പഠനംമാറ്റുന്ന സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ഥികള്‍ അമേരിക്ക വിട്ടുപോകണമെന്നും അല്ലാത്തപക്ഷം നാടുകടത്തേണ്ട അവസ്ഥവരുമെന്നും എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് വിഭാഗം തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍, 'ഭീതിപ്പെടുത്തുന്ന തീരുമാനം' എന്നാണ് അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ എജ്യുക്കേഷന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെ തുടങ്ങാം എന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമയത്ത് ഇത്തരമൊരു മാര്‍ഗനിര്‍ദേശം കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂ. അക്കാദമിക്, വൊക്കേഷണല്‍ കോഴ്സ് വര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്ന എഫ് -1, എം -1 നോണ്‍-ഇമിഗ്രന്റ് വിസ കൈവശമുള്ളവര്‍ക്കും ഈ നിയമം ബാധകമാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ കണക്കനുസരിച്ച് അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ഥികളില്‍ പത്തുലക്ഷത്തിലധികംപേര്‍ വിദേശത്തുനിന്നുള്ളവരാണ്. ലോകം മുഴുവന്‍ വ്യാധി പടരുന്ന സമയത്ത്, ശാരീരിക അകലം പാലിക്കുന്നതിനുവേണ്ടിയാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത്. അതിന്റെപേരില്‍ വിദേശവിദ്യാര്‍ഥികളെ രാജ്യത്തുനിന്ന് പുറത്താക്കുന്നത് തീര്‍ത്തും തെറ്റാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേറ്റേഴ്‌സിന്റെ (നാഫ്‌സ) സാമ്പത്തിക വിശകലനമനുസരിച്ച് 2018-2019 അധ്യയനവര്‍ഷത്തില്‍ അമേരിക്കയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ 4100 കോടിയോളം രൂപയാണ് രാജ്യത്തെത്തിച്ചത്. 4,58,290 ജോലികളില്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സ്വന്തം കാമ്പസുകള്‍ക്ക് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ അതത് സ്‌കൂളുകള്‍ക്ക് അധികാരം നല്‍കണമെന്നും നാഫ്‌സ അഭ്യര്‍ഥിച്ചു.

Content Highlights: Foreign students may need leave US when the classes change to online mode