കണ്ണൂര്‍: വിദേശമെഡിക്കല്‍ കോളേജുകളില്‍ നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച 1.2 ലക്ഷം വാര്‍ഷിക ഫീസ് പ്രതിമാസഗഡുക്കളായി അടയ്ക്കാമെന്ന് സര്‍ക്കാര്‍.

അതേസമയം ഒന്നിച്ചടച്ചവര്‍ക്ക് പണം തിരിച്ചുനല്‍കുന്നില്ലെന്ന് രക്ഷിതാക്കള്‍. പരിശീലന സേവനം സൗജന്യമാക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിനായി കേസും നല്‍കിയിട്ടുണ്ട്. സ്വാശ്രയ കോളേജുകളില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയവരില്‍നിന്നും 60000 രൂപ പ്രതിവര്‍ഷം ഫീസ് ഈടാക്കുന്നുണ്ട്.

റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മെഡിക്കല്‍ പഠനം കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുവര്‍ഷം ജോലി പരിചയിക്കുന്നതിനാണ് 1.20 ലക്ഷം ഫീസായി ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഫീസ് ഈടാക്കാന്‍ നിര്‍ദേശം. ഫീസ് ഗഡുക്കളായി അടച്ചാല്‍ പോരെന്നും ആദ്യമാസംതന്നെ ഒറ്റത്തവണയായി 1.12 ലക്ഷം അടയ്ക്കണമെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

അതേസമയം ലക്ഷങ്ങള്‍ ചെലവാക്കി പഠിച്ചു നാട്ടില്‍ത്തന്നെ സേവനം എടുക്കാന്‍ വരുന്ന തങ്ങളോട് ഇത്ര ഭാരിച്ച ഫീസ് വാങ്ങരുതെന്നും അല്ലെങ്കില്‍ പ്രതിമാസം അടയ്ക്കാനുളള സൗകര്യമെങ്കിലും തരണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇത് രണ്ടും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അഡ്വ. ജയശങ്കര്‍ മുഖേന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഫീസ് ഗഡുക്കളായി സ്വീകരിച്ചാല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

2020 ഡിസംബര്‍ വരെ വിദേശത്തുനിന്നോ കേരളത്തിന്റെ പുറത്തുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജേില്‍നിന്നോ കോഴ്‌സ് കഴിഞ്ഞു വരുന്നവരില്‍നിന്നോ ഇത്തരം ഫീസ് ഈടാക്കിയിട്ടില്ല. അതേസമയം സ്വാശ്രയ കോളേജുകളില്‍നിന്ന് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഒരുവര്‍ഷം 60,000 രൂപയാണ് അടയ്‌ക്കേണ്ടത്. പ്രതിമാസം 5000 രൂപ വീതം.

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍നിന്ന് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഹൗസ്‌സര്‍ജന്‍സി കഴിയുമ്പോള്‍ പ്രതിമാസവേതനം കൊടുക്കുന്നുമുണ്ട്. സര്‍ക്കാരിന് ഒരു ചെലവുമില്ലാതെയാണ് വിദേശത്തുനിന്നും വിദ്യാര്‍ഥികള്‍ ബിരുദമെടുത്തുവരുന്നത്.

കോഴ്‌സ് കഴിഞ്ഞുവന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശപ്രകാരമുള്ള തുല്യതാപരീക്ഷ പാസാവണം. ആ പരീക്ഷ ജയിച്ചാലേ രാജ്യത്ത് മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റൂ. അതിനുശേഷമാണ് ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. അതിനാണ് വാര്‍ഷിക ഫീസ് ആവശ്യപ്പെടുന്നത്.

Content Highlights: Foreign MBBS: Government give permission to pay training fees in installments