കണ്ണൂര്‍: ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്ത പ്രകാരം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകളും തുടങ്ങാന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

2021-22 അധ്യയനവര്‍ഷംമുതല്‍ നരവംശശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും അഞ്ചുവര്‍ഷത്തെ സംയോജിത പ്രോഗ്രാം അവതരിപ്പിക്കും.

വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തിനുശേഷം ഒരു ബാച്ചിലേഴ്‌സ് ബിരുദം നല്‍കും. പഠനം തുടരുകയാണെങ്കില്‍ അഞ്ചുവര്‍ഷത്തിനുശേഷം സാമൂഹികശാസ്ത്രത്തിലോ നരവംശശാസ്ത്രത്തിലോ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തരബിരുദം ലഭിക്കും.

മറ്റ് പ്രധാന തീരുമാനങ്ങള്‍

• അധ്യാപക വിദ്യാഭ്യാസ മേഖലയില്‍ സംയോജിത പ്രോഗ്രാം തുടങ്ങാന്‍ തത്ത്വത്തില്‍ തീരുമാനിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഔപചാരിക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചശേഷം പ്രോഗ്രാം തുടങ്ങും.

• നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, വിദൂര വിദ്യാഭാസ വിഭാഗത്തിലെ മൂന്നാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥികളുടെ 'പ്ലേസ്‌മെന്റ് ട്രെയിനിങ് ആന്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്' എന്ന പേപ്പറിന് വ്യവസായ സന്ദര്‍ശനം ഒഴിവാക്കി പകരം ഈ വര്‍ഷം ഒരു പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി.

• അടുത്ത അധ്യയനവര്‍ഷംമുതല്‍ അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ വകുപ്പുകളിലെയും പ്രോഗ്രാമുകളുടെ കോര്‍ കോഴ്‌സുകള്‍ എകീകരിക്കും. വ്യത്യസ്ത ഇലക്ടീവ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം.

• സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയും വിവിധ ഫാക്കല്‍റ്റികളുടെയും പുനഃസംഘടന നടത്തി.

Content Highlights: five year integrated programs in Kannur university