ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകൾ സംവരണം ചെയ്തു. 'കോവിഡ് പോരാളികളുടെ കുട്ടികൾ' എന്ന പുതിയ കാറ്റഗറിയിലാണ് 2021-22 അധ്യായന വർഷത്തേക്ക് സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ്വർധൻ പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട ജോലിക്കിടെ കോവിഡ് പിടിപെട്ടും അല്ലാതെയും മരിച്ചവരുടെ മക്കൾ സംവരണ പരിധിയിൽ വരും. നീറ്റ് റാങ്ക് പ്രകാരമുള്ള ഓൺലൈൻ അപേക്ഷകൾ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സമിതിയായിരിക്കും സംവരണം നിശ്ചയിക്കുക. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അപേക്ഷ സാക്ഷ്യപ്പെടുത്തുകയും വേണം.

സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ, കരാർ ജീവനക്കാർ, ദിവസവേതനക്കാർ, താൽക്കാലിക ജീവനക്കാർ, സംസ്ഥാനങ്ങൾ പുറംകരാർ ജോലിക്കെടുത്തവർ, സംസ്ഥാന-കേന്ദ്ര ആശുപത്രികൾ, കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്വയംഭരണ ആശുപത്രികൾ, അഖിലേന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്), ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങൾ (ഐ.എൻ.ഐ), കേന്ദ്ര മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ ജീവനക്കാർ എന്നിവരും സംവരണ ക്വാട്ടയ്ക്ക് കീഴിൽ വരും.

Content Highlights: Five MBBS seats reserved for covid warriors children