തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജൂണില്‍ ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളും ഓണ്‍ലൈനായിരിക്കും. രാവിലെ 8.30-ന് ആരംഭിക്കുന്ന ക്ലാസുകളുടെ പരമാവധി ദൈര്‍ഘ്യം ദിവസം അഞ്ച് മണിക്കൂറായി നിജപ്പെടുത്തി. വിവിധ ക്ലാസ് സെഷനുകള്‍ തമ്മില്‍ കുറഞ്ഞത് 10 മിനിറ്റെങ്കിലും ഇടവേളയും ഉണ്ടാകണം.

ഓണേഴ്സ്, മൈനര്‍ ഡിഗ്രി ക്ലാസുകള്‍ക്ക് ഒരു മണിക്കൂര്‍ അധികസമയം അനുവദിക്കും. അവസാന സെമസ്റ്റര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ നടത്താനാണ് അനുമതി. അവധിദിവസങ്ങളില്‍ ക്ലാസുകള്‍ ഒഴിവാക്കും. ഓണ്‍ലൈന്‍ ക്ലാസ് നടത്തിപ്പ് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ച് സിന്‍ഡിക്കേറ്റിന്റെ അക്കാദമിക്, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഉപസമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ അംഗീകരിച്ചു.

ഹാജരില്‍ അനുഭാവ സമീപനം വേണം

ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം കോളേജ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. തത്സമയ ക്ലാസുകള്‍ക്കൊപ്പം അനുബന്ധ പഠന സംവിധാനങ്ങളും ക്രമപ്പെടുത്തണം. ക്ലാസുകള്‍ക്കായി സജ്ജമാക്കുന്ന പഠന വീഡിയോകളും പാഠ്യസഹായികളും വിദ്യാര്‍ഥികള്‍ക്ക് നേരത്തേ നല്‍കണം. ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന 'ഫ്‌ളിപ്പ് ക്ലാസ്റൂം', 'ആക്റ്റീവ് ലേണിങ' തുടങ്ങിയ അധ്യാപന രീതികള്‍ പ്രോത്സാഹിപ്പിക്കണം.

ഇന്റര്‍നെറ്റ് അപര്യാപ്തതമൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളുമായി അധ്യാപകരും വകുപ്പധ്യക്ഷന്മാരും ബന്ധപ്പെടണം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ തുടര്‍പഠനം കോളേജ് അധികാരികള്‍ ഉറപ്പാക്കണം. ഓണ്‍ലൈന്‍ ഹാജര്‍ വിഷയങ്ങളില്‍ വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വമായ സമീപനമായിരിക്കണം. എല്ലാ കോളേജുകളും കൗണ്‍സിലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. സര്‍വകലാശാലതലത്തിലും കൗണ്‍സിലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

ആഭ്യന്തര മൂല്യനിര്‍ണയത്തിന് നൂതന മാര്‍ഗങ്ങള്‍

ആഭ്യന്തര മൂല്യനിര്‍ണയത്തിന് അധ്യയന മൂല്യനിര്‍ണയ രീതികളായ ഓപ്പണ്‍ ബുക്ക്, ആപ്ലിക്കേഷന്‍, ടാസ്‌കുകള്‍, വാചാപരീക്ഷകള്‍, മിനി പ്രോജക്ടുകള്‍, ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ടൈപ്പ് ചോദ്യങ്ങള്‍, റൂബ്രിക്സ്, തുടങ്ങിയവ കൂടാതെ മറ്റു നൂതന മാര്‍ഗങ്ങളും ഉപയോഗിക്കാം. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പ്രോജക്റ്റുകള്‍, തീസിസ് എന്നിവയുടെ മൂല്യനിര്‍ണയത്തിനും നൂതന മാര്‍ഗങ്ങള്‍ കൈക്കള്ളണം.

Content Highlights: five hours online classes for Techinical university