ന്യൂഡല്‍ഹി: കോളേജുകളില്‍ അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ എപ്പോഴായാലും നടത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. വ്യാഴാഴ്ച രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള തത്സമയ വെബിനാറിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

സ്ഥിതിഗതികള്‍ വിലയിരുത്തി ജൂലായില്‍ പരീക്ഷകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായില്‍ നടത്താനായില്ലെങ്കില്‍ അനുയോജ്യമായ ഏറ്റവും അടുത്ത അവസരത്തില്‍ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. 

ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം ഒത്തുവന്നാല്‍ മാത്രം പരീക്ഷ മതി, എന്നാല്‍ അവസാന വര്‍ഷക്കാരുടെ പരീക്ഷ ഒഴിവാക്കാനാകില്ല. ഒന്നാം വര്‍ഷക്കാരെ ഇന്റേണല്‍ മാര്‍ക്കിന്റെയും മുന്‍പരീക്ഷളിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കണം. രണ്ടാം വര്‍ഷക്കാരെ ഇന്റേണല്‍ മാര്‍ക്കിന്റെയും മുന്‍വര്‍ഷത്തെ പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കണമെന്നും മന്ത്രി പറഞ്ഞു. 

സ്‌കൂളുകള്‍ ജൂലായ് മുതല്‍ ഘട്ടംഘട്ടമായി തുറക്കാനായേക്കുമെന്ന് മന്ത്രി പ്രതീക്ഷ പങ്കുവെച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പുതിയ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കാനായി യുജിസിയും എന്‍സിഇആര്‍ടിയും പ്രത്യേക കര്‍മസമിതികള്‍ രൂപവത്കരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: final year degree exams to be held for sure, says HRD Minister