Educationകൊച്ചി: വിദൂരവിദ്യാഭ്യാസത്തിന് ഗുണനിലവാരം ഉറപ്പുവരുത്താൻ അംഗീകൃത സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും അവസാന പട്ടിക യു.ജി.സി. പ്രസിദ്ധീകരിച്ചു. മൊത്തം 81 സ്ഥാപനങ്ങൾക്കാണ് അംഗീകാരം.

എല്ലാ വർഷവും ജനുവരി, ജൂലായ് മാസങ്ങളിലാണ് കോഴ്‌സുകൾ ആരംഭിക്കാൻ നിയമപ്രകാരമുള്ള അനുമതി. പ്രവേശനം അനിവാര്യമായ സാഹചര്യത്തിൽ ഒക്ടോബറിലാണ് പ്രാഥമിക പട്ടിക യു.ജി.സി. പ്രസിദ്ധപ്പെടുത്തിയത്. ജൂലായിൽ തുടങ്ങേണ്ടിയിരുന്ന കോഴ്‌സുകൾ ഒക്ടോബറിൽ തുടങ്ങാമെന്ന ഭേദഗതിയും നിർദേശിച്ചിരുന്നു.

ആദ്യ പട്ടികയിൽ 71 സ്ഥാപനങ്ങളെന്നത് ഇപ്പോഴത്തെ പട്ടികയിൽ 81 ആയി. മുംബൈ സർവകലാശാല, ഛത്തീസ്ഗഢിലെ മാറ്റ്‌സ് സർവകലാശാല, സിക്കിം-മണിപ്പാൽ സർവകലാശാല എന്നിവിടങ്ങളിലെ തീരുമാനം വിദഗ്ധസമിതിയുടെ സന്ദർശനത്തിന് ശേഷമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമായ ജാമിയ മിലിയ ഇസ്‌ലാമിയയുടെ അപേക്ഷയും പരിഗണനയിലാണ്. അപേക്ഷകൾ നിരസിക്കപ്പെട്ടവർക്ക് അറിയിപ്പുകിട്ടി ഒരുമാസത്തിനകം പരാതികൾ ബോധിപ്പിക്കാം.

ജനുവരിയിൽ തുടങ്ങേണ്ട കോഴ്‌സുകളുടെ പ്രവേശന നടപടികൾ ഫെബ്രുവരിയിൽത്തന്നെ പൂർത്തിയാക്കണം. ജൂലായിൽ തുടങ്ങുന്ന കോഴ്‌സുകളുടെ അപേക്ഷകൾ ഓഗസ്റ്റിനുമുൻപാണ് കിട്ടേണ്ടത്. ക്ലാസുകൾ തുടങ്ങി പത്തുദിവസത്തിനകം പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. ജനുവരിയിലെ കോഴ്‌സുകൾക്ക് മാർച്ച് പത്തിനകവും ജൂലായിലേതിന് സെപ്റ്റംബർ പത്തിനകവും.

ആദ്യ പട്ടികയിൽ ബിഹാർ ആസ്ഥാനമായ നളന്ദ ഓപ്പൺ സർവകലാശാലയിലായിരുന്നു ഏറ്റവും കൂടുതൽ കോഴ്‌സുകൾ-59. പുതിയ പട്ടികയിൽ 82 കോഴ്‌സുകളോടെ തമിഴ്‌നാട് ഓപ്പൺ സർവകലാശാലയാണ് ഒന്നാമത്.

കേരളത്തിൽനിന്ന് മൂന്ന്

കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാശാലകളാണ് അന്തിമ പട്ടികയിലെ കേരള പ്രാതിനിധ്യം. ആദ്യ പട്ടികയിലും കേരളത്തിൽനിന്ന് മൂന്നു സർവകലാശാലകൾ തന്നെയാണുണ്ടായിരുന്നത്. കേരളയ്ക്കും കാലിക്കറ്റിനും 26 കോഴ്‌സുകൾ തന്നെയാണ്. കണ്ണൂരിലാകട്ടെ 12 കോഴ്‌സുകൾക്കാണ് അനുമതി.

Content Highlights: final list for recognised universities and courses