എടപ്പാള്‍: മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പരീക്ഷയ്ക്ക് ഹാജരാകുന്ന കുട്ടികള്‍ മുഖാവരണം ധരിക്കേണ്ടതിനാല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു.

വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള മുഖാവരണങ്ങളുടെ നിര്‍മാണം ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്‍.എസ്.എസ്, സര്‍വശിക്ഷാ കേരള എന്നിവയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പി.ടി.എകളുടെകൂടി സഹായത്തോടെയാണിത് നടക്കുന്നത്.

തയ്യാറാക്കിയ മുഖാവരണങ്ങള്‍ പരീക്ഷയ്ക്ക് ഹാജരാകുന്ന കുട്ടികള്‍ക്ക് നല്‍കാനുള്ള സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ്. റീജണല്‍ കണ്‍വീനര്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, എന്‍.എസ്.എസ്. ജില്ലാകണ്‍വീനര്‍മാര്‍, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കണ്‍വീനര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാസമിതികള്‍ക്കാണ് വിതരണച്ചുമതല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമിതി നിശ്ചയിക്കുന്ന സമയത്തും രീതിയിലും പരീക്ഷകള്‍ക്കുമുന്‍പ് എല്ലാവര്‍ക്കും മുഖാവരണമെത്തിക്കാനുള്ള നീക്കമാണ് വിദ്യാഭ്യാസവകുപ്പ് തുടങ്ങിയത്.

Content Highlights: Face masks are distributing among sslc,plus two students, Lockdown, Corona Outbreak