ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രാക്ടീസ് ചെയ്യാനും തുടര്‍പഠനത്തിനും യോഗ്യത നിശ്ചയിക്കുന്ന 'നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്'(NExT) 2023-ന്റെ ആദ്യപകുതിയില്‍ നടത്തും.

ആദ്യ എക്സിറ്റ് പരീക്ഷയാണിത്. നടപടി ക്രമങ്ങള്‍ പരിശോധിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്കണ്ഠ മാറ്റാനും അടുത്ത കൊല്ലം ഒരു 'മോക്ക് റണ്‍' നടത്തും. ദേശീയ ആരോഗ്യമിഷന്റെ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

എം.ബി.ബി.എസിന്റെ ഫൈനല്‍ പാസാകുന്നതിനുള്ള യോഗ്യതാ പരീക്ഷയായിരിക്കും 'എക്‌സിറ്റ്' പരീക്ഷ. ഇതു ജയിച്ചാലേ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാവൂ. മെഡിക്കല്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് മെരിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിന് 'എക്സിറ്റ് പരീക്ഷാ'ഫലമാണ് അടിസ്ഥാനമാക്കുക. ഇന്ത്യയിലോ വിദേശത്തോ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ഒരേ പരീക്ഷയായിരിക്കും. ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Content Highlights: Exit exam for MBBS students from 2023