ന്യൂഡൽഹി: കോവിഡ്-19 രോഗബാധയെത്തുടർന്ന് തകിടം മറിഞ്ഞ അക്കാദമിക്ക് കലണ്ടറും മാറ്റിവെച്ച പരീക്ഷകളുമെല്ലാം വൈകാതെ നടത്തുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അറിയിച്ചു. ഇതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും സമതിയുടെ റിപ്പോർട്ട് ഉടനെയുണ്ടാകുമെന്നും വിവിധ സർവകലാശാല മേധാവികൾക്കായി അയച്ച കത്തിൽ യു.ജി.സി വ്യക്തമാക്കി.

മാറ്റിവെച്ച പരീക്ഷകളെക്കുറിച്ചും നീണ്ടുപോകുന്ന അക്കാദമിക് കലണ്ടറിനെക്കുറിച്ചും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നു പരാതികൾ ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ യു.ജി.സി വ്യക്തത വരുത്തിയത്.

മാനവവിഭവശേഷി മന്ത്രാലയവുമായി ചർച്ച ചെയ്ത ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി വിപുലമായ പദ്ധതികൾ രൂപീകരിക്കുമെന്നും യു.ജി.സി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ യു.ജി.സി തയ്യാറാക്കിയ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയവും അറിയിച്ചു.

എന്നാൽ കോവിഡ്-19 രോഗബാധയുടെ വ്യാപ്തി കുറഞ്ഞ സാഹചര്യത്തിൽ കേരളത്തിലെ സർവകലാശാലാ പരീക്ഷകൾ മേയ് 11 മുതൽ നടത്തുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Examination calendar and New Exam dates will be published shortly says UGC