കോഴിക്കോട്: കൊറോണ അതിജാഗ്രത നിലനില്‍ക്കുന്ന മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാരജിസ്‌ട്രേഷന്‍ നടത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. സര്‍വകലാശാലയുടെ രണ്ടാംസെമസ്റ്റര്‍ യു.ജി. റെഗുലര്‍ പരീക്ഷാഅപേക്ഷയാണ് വിദ്യാര്‍ഥികളെ ആശങ്കാകുലരാക്കിയിരിക്കുന്നത്.

170 രൂപ പിഴയോടെ ഏപ്രില്‍ രണ്ടുവരെ ഫീസടയ്ക്കാം. ഏപ്രില്‍ നാലുവരെ രജിസ്റ്റര്‍ചെയ്യാം. കൊറോണമൂലം ആളുകള്‍ കഴിവതും വീടുകളില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളസമയത്ത് സര്‍വകലാശാല നിര്‍ദേശിക്കുന്നവിധം രജിസ്്‌ട്രേഷന്‍ നടത്തണമെങ്കില്‍ വിദ്യാര്‍ഥികള്‍ നാലിടത്തെങ്കിലും നേരിട്ടുപോകേണ്ടിവരും. ഗസറ്റഡ് ഓഫീസര്‍ അപേക്ഷ അറ്റസ്റ്റ് ചെയ്യണം, ബാങ്കില്‍നിന്ന് ചെലാന്‍ വാങ്ങണം, കംപ്യൂട്ടര്‍ സെന്ററിലോ കഫേയിലോ പോയി ഓണ്‍ലൈനായി പ്രിന്റൗട്ട് എടുക്കണം, പോസ്റ്റ്ഓഫീസില്‍ പോയി അപേക്ഷ അയ്ക്കണം. കൊറോണക്കാലത്ത് ഇതിന് പ്രയാസമുണ്ട്.

വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2019 പ്രവേശനം) രണ്ടാംസെമസ്റ്റര്‍ ബി.എ./ബി.എസ്.സി./ബി.കോം/ബി.ബി.എ./ ബി.എ. മള്‍ട്ടിമീഡിയ/ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ റെഗുലര്‍ പരീക്ഷയ്ക്കുള്ള വിദ്യാര്‍ഥികളാണ് ആശങ്കയിലായിട്ടുള്ളത്. വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാംസെമസ്റ്റര്‍ യു.ജി.സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും ഇതേരീതിയില്‍ത്തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇതുമൂലം പ്രയാസപ്പെടുന്നത്.

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് യു.ജി.സി.യും വിദ്യാലയങ്ങള്‍ അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പും മറ്റും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയില്‍ത്തന്നെ കൊറോണപ്രതിരോധ നടപടികളും ബ്രേക്ക് ദ ചെയിന്‍ കാമ്പയിനും ഊര്‍ജിതമായി നടക്കുമ്പോഴാണ് വിദ്യാര്‍ഥികളെ ആശങ്കാകുലരാക്കുന്ന നിര്‍ദേശം.

എന്നാല്‍ പരീക്ഷയും രജിസ്‌ടേഷനും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ തീയതി നീട്ടുന്നത് പ്രയാസകരമായിരിക്കുമെന്ന് സര്‍വകലാശാലാവൃത്തങ്ങള്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല.

പരീക്ഷ വൈകിയാല്‍ ഫലപ്രഖ്യാപനവും വൈകും. സര്‍ക്കാര്‍ തന്നെയാണ് പരീക്ഷകള്‍ വൈകരുതെന്ന് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്.

Content Highlights: Exam Registration in the Season of Corona Virus, Calicut University studenst under panic