അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ആഗസ്റ്റ് 31 ന് മുന്‍പാകെ നടത്താന്‍ യുജിസി നിര്‍ദ്ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്ലൈനായോ ഓണ്‍ലൈനായോ അല്ലെങ്കില്‍ സമ്മിശ്ര രീതിയിലോ പരീക്ഷ നടത്താവുന്നതാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കും മുന്‍ സെമസ്റ്ററുകളിലെ പൊതു പരീക്ഷ മാര്‍ക്കും അടിസ്ഥാനപ്പെടുത്തി മാര്‍ക്ക് നല്‍കാനും തീരുമാനമായി. യുജിസിയുടെ പുതിയ അക്കാദമിക്ക് കലണ്ടറിലാണ് ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാനും സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കി.

സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും 12-ാം ക്ലാസ് ഫലം വന്നതിനുശേഷമേ പ്രവേശനനടപടികള്‍ തുടങ്ങാവൂ. 12-ാംക്ലാസ് ഫലം വൈകിയാല്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് ഒക്ടോബര്‍ 18-ലേക്ക് മാറ്റാമെന്നും യു.ജി.സി. നിര്‍ദേശിച്ചു.സിബിഎസ്ഇ പരീക്ഷ ഫലം ജൂലായ് 31 നാണ് പ്രതീക്ഷിക്കുന്നത്.

ബിരുദം, ബിരുദാനന്തര ബിരുദം എന്നീ തലങ്ങളിലെ പ്രവേശനം സെപ്റ്റംബറോടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശത്തിലുണ്ട്. ഓഫ്ലൈന്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ സമ്മിശ്രമായ രീതിയിലായിരിക്കും പ്രവേശനം.
ഒക്ടോബര്‍ ഒന്നുമുതല്‍ ജൂലായ് 31 വരെ ക്ലാസുകള്‍, ഇടവേള, പരീക്ഷാനടത്തിപ്പ് എന്നിവ യൂണിവേഴ്സിറ്റികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്യണം.

ഫലപ്രഖ്യാപനം വൈകാത്ത പക്ഷം ക്ലാസുകള്‍ ഒക്ടോബര്‍ 18ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുജിസി കലണ്ടര്‍ പ്രകാരം ഓഫ്ലൈന്‍ ഓണ്‍ലൈന്‍ രീതികളിലായി ക്ലാസുകള്‍ നടത്തും.മറ്റു സെമസ്റ്ററുകളില്‍ പഠിക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എത്രയും വേഗം ആരംഭിക്കും.

ഏതെങ്കിലും കാരണത്താല്‍ പ്രവേശനം റദ്ദാക്കിയാലോ ഒരു സ്ഥാപനത്തില്‍നിന്ന് വേറൊരു സ്ഥാപനത്തിലേക്ക് മാറിയാലോ ഫീസ് മുഴുവനായും തിരികെ നല്‍കണം. 2020-'21 വര്‍ഷത്തെ സെമസ്റ്റര്‍/ഫൈനല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.

Content Highlights: exam for final semester students