തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ മറയാക്കി സാങ്കേതിക സര്‍വകലാ ശാലാ ബി.ടെക്. പരീക്ഷയില്‍ കൂട്ട കോപ്പിയടി. നാല് കോളേജുകളില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍വഴി നടന്ന കൂട്ട കോപ്പിയടിയെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന മൂന്നാംസെമസ്റ്റര്‍ ലീനിയര്‍ അള്‍ജിബ്ര ആന്‍ഡ് കോംപ്ലക്സ് അനാലിസിസ് എന്ന വിഷയത്തിലെ സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി. റദ്ദാക്കിയ പരീക്ഷ നവംബര്‍ അഞ്ചിന് വീണ്ടും നടത്തും.

വെള്ളിയാഴ്ച നടന്ന പരീക്ഷയില്‍ തിരുവനന്തപുരം, മലപ്പുറം, പാലക്കാട് ജില്ലകളിലെ അഞ്ച് കോളേജുകളിലാണ് കോപ്പിയടി നടന്നത്. നാലുകോളേജുകളില്‍ വാട്‌സാപ്പ് വഴിയും ഒരു കോളേജില്‍ സാധാരണ രീതിയിലുള്ള കോപ്പിയടിയുമാണ് നടന്നത്. പരീക്ഷാഹാളില്‍ എത്തിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുക്കുകയും അവ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച് ഉത്തരങ്ങള്‍ ലഭ്യമാക്കുകയുമായിരുന്നു. ക്രമക്കേട് കണ്ടെത്തിയവരില്‍നിന്ന് ഫോണുകളും മറ്റു ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. കെ.ആര്‍. കിരണ്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബിന്റെ അധ്യക്ഷതയില്‍ കൂടിയ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതി പരീക്ഷ റദ്ദാക്കുകയായിരുന്നു.

ക്രമക്കേട് കണ്ടെത്തിയ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചാകും പോലീസില്‍ പരാതി നല്‍കുക. സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജ് പ്രിന്‍സിപ്പാള്‍മാരുടെയും പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം ഉടന്‍ വിളിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.

അഞ്ച് കോളേജുകള്‍ കൂടാതെ മറ്റുപല കോളേജുകളിലും കോപ്പിയടി നടന്നതായി സംശിക്കുന്നു. 'ലാക', 'പരീക്ഷ' എന്നിങ്ങനെയുള്ള വിവിധ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു ചോദ്യവും ഉത്തരവും പ്രചരിച്ചത്. വിദ്യാര്‍ഥികളെ കൂടാതെ അധ്യാപകര്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് കരുതുന്നു. ലാക ഉള്‍പ്പടെയുള്ള ഗ്രൂപ്പുകളില്‍ അംഗങ്ങളാകുന്നതിന് പണം ഈടാക്കിയിരുന്നതായും അധികൃതര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.

Content Highlights: Exam conducted by the Technological University on October 23 has been canceled due irregularities