കോട്ടയ്ക്കല്‍: തുല്യതാസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സര്‍വകലാശാലകള്‍ നടത്തുന്നത് പകല്‍ക്കൊള്ള. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ബിരുദം നേടിയെത്തുന്ന വിദ്യാര്‍ഥികളില്‍നിന്നാണ് തുല്യതാസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പണം പിഴിയുന്നത്.

യു.ജി.സിയുടെ അംഗീകാരമുള്ള റെഗുലര്‍ കോഴ്‌സ് കഴിഞ്ഞെത്തുന്നവര്‍പോലും ഇവിടെ തുടര്‍പഠനം നടത്താനും സ്ഥാപനങ്ങളില്‍ ജോലിക്കുചേരാനും സര്‍വകലാശാലയില്‍ പണമടച്ച് തുല്യത (Equivalency) സമ്പാദിക്കണം. ഒരേ കോഴ്‌സിനുതന്നെ ഓരോ വിദ്യാര്‍ഥിയും വെവ്വേറെ പണമടച്ച് അവര്‍ക്കാവശ്യമായ തുല്യതാസര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം.

ഏതെല്ലാം സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ക്ക് ഇവിടെ അംഗീകാരമുണ്ടായിരിക്കും എന്നൊരു പട്ടിക സര്‍വകലാശാലകള്‍ ഇറക്കിയാല്‍ തീരുന്ന പ്രശ്‌നമാണിത്. അങ്ങനെചെയ്താല്‍ അപൂര്‍വവും വ്യത്യസ്തവുമായ ചില കോഴ്‌സുകള്‍ക്കും പുതുതായി വരുന്ന സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്കും മാത്രമേ തുല്യതാപരിശോധന ആവശ്യമായി വരൂ.

അപേക്ഷകരുടെ എണ്ണംകൂടിയപ്പോള്‍ ഫീസ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതാണ് എന്നതാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. അതേകാരണംകൊണ്ടുതന്നെ സര്‍വകലാശാലകള്‍ക്ക് ഇപ്പോള്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് പണംകൊയ്യാനുള്ള മാര്‍ഗമാണ്.

മുമ്പ് 350 രൂപയായിരുന്നു തുല്യതയ്ക്ക് ഈടാക്കിയിരുന്നത്. ഇപ്പോഴത് 525 ആണ്. തപാലില്‍ ലഭിക്കാന്‍ 580 രൂപ അടയ്ക്കണം. നേരത്തേ അംഗീകാരമുള്ള കോഴ്‌സാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അന്നുതന്നെ ലഭിക്കും. അല്ലെങ്കില്‍ മറുനാട്ടില്‍ പഠിച്ച കോഴ്‌സിന്റെ സിലബസ്സിന്റെ കോപ്പിസഹിതം അപേക്ഷിച്ച് ആറുമാസവും ഒരുകൊല്ലവുമൊക്കെ കാത്തിരിക്കുകയും വേണം. ഇവിടുത്തെ സമാനമായ കോഴ്‌സിന്റെ സിലബസ്സിലെ 60 ശതമാനമെങ്കിലും ആ സിലബസ്സില്‍ ഉണ്ടെങ്കിലേ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പ്രസ്തുത കോഴ്‌സിന് തുല്യത അനുവദിക്കൂ.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ കൂടുതല്‍ പണംപിഴിയാനായി സര്‍വകലാശാലകള്‍ തുല്യതാസര്‍ട്ടിഫിക്കറ്റിനെയും 'ഫാസ്റ്റ് ട്രാക്കില്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്കിലൂടെ തുല്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 2,625 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എങ്കില്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഫീസ്, സേവനത്തിനുള്ള പ്രതിഫലം മാത്രം

അംഗീകാരമുള്ള സര്‍വകലാശാലകളുടെ ഒരു പട്ടിക അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് പുറത്തിറക്കിയിട്ടുണ്ട്. ആ പട്ടികയിലുള്ള സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് വേറെ തുല്യതാസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സ്ഥാപനങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ പ്രശ്‌നം തീരും. തുല്യതാസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍വകലാശാലകള്‍ ഇപ്പോള്‍ ഈടാക്കുന്ന തുക നല്‍കുന്ന സേവനത്തിനുള്ള പ്രതിഫലം മാത്രമാണ്. എല്ലാ സര്‍വകലാശാലകളും തുല്യതയ്ക്ക് പണം ഈടാക്കുന്നുണ്ട്.

-ഡോ.കെ. മുഹമ്മദ് ബഷീര്‍, വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല