തിരുവനന്തപുരം: അപേക്ഷകളുടെ എണ്ണവും വിദ്യാര്‍ഥികള്‍ നല്‍കുന്ന ഓപ്ഷനുകളും അടിസ്ഥാനമാക്കി മലപ്പുറം അടക്കമുള്ള ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റ് കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പത്താം ക്ലാസ് ജയിച്ചവരുടെ ഉപരിപഠനം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ ആറു ജില്ലകളിലടക്കം ഒമ്പതു ജില്ലകളിലായി അമ്പതിനായിരത്തിലധികം പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവുണ്ടെന്നും പുതിയ ബാച്ചുകള്‍ അനുവദിക്കാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

മാര്‍ജിനല്‍ വര്‍ധന പാടില്ലെന്ന ഹൈക്കോടതി വിധിയുള്ള സാഹചര്യത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് പോംവഴിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഒന്നും രണ്ടും അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ എവിടെ നിന്ന് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു.

2015-16നുശേഷം പുതിയ ബാച്ചുകള്‍ അനുവദിച്ചിട്ടില്ലെന്നും ഇഷ്ട വിഷയം പഠിക്കാനുള്ള കുട്ടികളുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എം.കെ. മുനീര്‍ പറഞ്ഞു.

ഇക്കൊല്ലം പത്താംക്ലാസ് വിജയശതമാനം ഉയരുകയും എപ്ലസ് വാങ്ങിയവരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കുട്ടികളെത്തും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. കുട്ടികളും അധികമായെത്തും.Mathrubhumi

മാര്‍ജിനല്‍ വര്‍ധനയിലൂടെ 61,230 സീറ്റുകള്‍ അധികമായി ലഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്തരത്തില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് കോടതിവിധിയുണ്ട്. കഴിഞ്ഞതവണ 75,000 സി.ബി.എസ്.ഇ. കുട്ടികള്‍ അപേക്ഷ നല്‍കി കാത്തിരുന്നുവെന്നും മുനീര്‍ പറഞ്ഞു.

* സീറ്റുകള്‍ കുറവില്ലെന്ന് മന്ത്രി

ഒരു ജില്ലയിലും പ്ലസ്‌വണ്‍ സീറ്റുകള്‍ കുറവില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പാലക്കാട് മുതല്‍ കാസര്‍കോട്‌വരെ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ 28,160 സീറ്റുകള്‍ അധികം ലഭിക്കും.

മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി. വിജയിച്ചത് 2,24,312 കുട്ടികളാണ്. കഴിഞ്ഞവര്‍ഷത്തെ ശരാശരി പ്രവേശനമനുസരിച്ച് ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 1,65,477 വരും. നിലവില്‍ മലബാര്‍ മേഖലയില്‍ 1,40,800 സീറ്റുകളുണ്ട്. 20 ശതമാനം വര്‍ധന വരുന്നതോടെ 1,68,960 സീറ്റുകള്‍ ലഭിക്കുമെന്നും മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സീറ്റുകള്‍ ആവശ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവാണുണ്ടാവുക. എന്നാല്‍, കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി. വിജയിച്ചവരുടെ എണ്ണത്തെക്കാള്‍ ഇക്കൊല്ലം 1816 കുറവ് കുട്ടികളാണ് വിജയിച്ചത്. അണ്‍ എയ്ഡഡ് മേഖലയില്‍ 11,275 സീറ്റുകള്‍ മലപ്പുറം ജില്ലയിലുണ്ട്. എങ്കിലും പ്രവേശന നടപടികള്‍ ആരംഭിച്ചശേഷം മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

* ഇക്കൊല്ലം സംസ്ഥാനത്താകെ വിജയിച്ച കുട്ടികള്‍ -4,19,653

* ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍- 3,06,150

* വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി- 30,000

* ഐ.ടി.ഐ.- 49,140 *പോളിടെക്‌നിക്-19,080

* ആകെ- 4,04,370

* കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കനുസരിച്ച് ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടുന്നവര്‍- 3,32,631 (ശരാശരി)

Content Highlights: Enough seats are available for Higher secondary admission, says Education minister